NGO Facts: എന്താണ് എന്‍ജിഒകള്‍? എങ്ങനെ ഒരു സര്‍ക്കാറിതര സംഘടന ആരംഭിക്കാം, രജിസ്‌ട്രേഷന്‍ നടപടികള്‍ എന്തൊക്കെ?

Published : Mar 08, 2025, 06:00 PM IST
NGO Facts: എന്താണ് എന്‍ജിഒകള്‍? എങ്ങനെ ഒരു സര്‍ക്കാറിതര സംഘടന ആരംഭിക്കാം, രജിസ്‌ട്രേഷന്‍ നടപടികള്‍ എന്തൊക്കെ?

Synopsis

എന്‍ ജി ഒകള്‍, എന്‍ ജി ഒ രജിസ്ട്രഷന്‍, എന്‍ ജി ഒ രജിസ്ട്രഷന്‍ ടിപ്‌സ്, സന്നദ്ധ സംഘടനകള്‍, സര്‍ക്കാറിതര സംഘടനകള്‍, എന്‍ജിഒ ആരംഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്? എന്താണ് എന്‍ജിഒ രജിസ്‌ട്രേഷന്‍ നടപടിക്രമം?

സര്‍ക്കാര്‍ നയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനാവാത്ത മേഖലകളില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കറിനും സിവില്‍ സമൂഹത്തിനും ഇടയ്ക്ക് പ്രവര്‍ത്തിക്കുന്ന സുപ്രധാന കണ്ണികളാണ് എന്‍ജിഒകള്‍ അഥവാ സര്‍ക്കാരിതര സംഘടനകള്‍. ഉദാഹരണത്തിന് സുലഭ് ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഒ. രാജ്യത്ത് പതിറ്റാണ്ടുകളായി ശുചിത്വ കാമ്പയിനില്‍ ഇവര്‍ പ്രധാന പങ്ക് വഹിക്കുന്നു. അതുപോലെ, രാജ്യത്തെ പല എന്‍ജിഒകളും സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തര സ്വയം സഹായ സംഘങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്ന എന്‍ജിഒകളെയും അത്തരം ഗ്രൂപ്പുകളെയും നമ്മുടെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്.

നിങ്ങള്‍ക്കും ഒരു എന്‍ജിഒ ആരംഭിക്കാന്‍ ആഗ്രഹമുണ്ടോ? അതിന് ഒരു എന്‍ജിഒ എങ്ങനെ ആരംഭിക്കാം എന്ന് അറിയേണ്ടതുണ്ട്. ഇതിന് ശരിയായ നടപടി ക്രമങ്ങളും രജിസ്‌ട്രേഷനും ആവശ്യമാണ്. ഇന്ത്യയില്‍ ഒരു എന്‍ജിഒ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നും രജിസ്‌ട്രേഷന്‍ എങ്ങനെ നടത്താമെന്നും ഇനി നമുക്ക് നോക്കാം. 

എന്താണ് എന്‍ ജി ഒ? എന്താണിതിന്റെ പ്രയോജനം? 

സര്‍ക്കാരിതര സംഘടന അഥവാ എന്‍ ജി ഒ എന്നത് സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ്. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് എന്‍ജിഒകള്‍ വിവിധ മേഖലകളില്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. 

- സര്‍ക്കാരിന് മാത്രമായി എല്ലാ സാമൂഹിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയില്ല.

- എന്‍ജിഒകള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കുന്നു.

- വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി അവബോധം എന്നീ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍  പ്രോത്സാഹിപ്പിക്കുന്നു. 

- പ്രാദേശിക തലത്തില്‍  ഫലപ്രദമായ സാമൂഹിക സേവനങ്ങള്‍ നടത്തുന്നു. 

എന്‍ജിഒകള്‍ എത്ര വിധത്തിലുണ്ട്? 

ഇന്ത്യയില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള എന്‍ജിഒകളുണ്ട്:

1. മതപരം: ഇത് മതപരവും സാമൂഹികവും ജീവകാരുണ്യപരവുമായ കാര്യങ്ങള്‍ക്കുള്ളതാണ്.

2. കമ്മ്യൂണിറ്റി: ഇത് ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നു, ഇതിന്റെ ലക്ഷ്യം വിദ്യാഭ്യാസം, കല, ശാസ്ത്രം, സാമൂഹിക സേവനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

3. സെക്ഷന്‍ 8 കമ്പനി: ഇത് ലാഭേച്ഛയില്ലാത്ത സംഘടനകള്‍ക്കുള്ളതാണ്. അവര്‍ എന്തെങ്കിലും ലാഭം ഉണ്ടാക്കിയാല്‍ അത് സാമൂഹിക സേവനത്തിനായി വീണ്ടും നിക്ഷേപിക്കുന്നു.

എന്‍ജിഒ ആരംഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്? 

1. ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും സജ്ജമാക്കുക:
ആദ്യം, നിങ്ങളുടെ എന്‍ജിഒ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങള്‍ നിര്‍ണ്ണയിക്കണം. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, ശിശു വികസനം, പരിസ്ഥിതി അല്ലെങ്കില്‍ മറ്റേതെങ്കിലും സാമൂഹിക സേവനം എന്നിവയാവാം സാധാരണ ഗതിയില്‍ ലക്ഷ്യം. നിങ്ങളുടെ എന്‍ജിഒയുടെ ഉദ്ദേശ്യം തീരുമാനിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ പകുതി ദൂരം പിന്നിട്ടു.

2. എന്‍ജിഒയുടെ പേരും ഘടനയും തീരുമാനിക്കുക:
ഓരോ എന്‍ജിഒയ്ക്കും ഒരു പേരുണ്ട്. നിങ്ങള്‍ക്കും ഒരു പേര് തീരുമാനിക്കണം. ഈ പേരിലാണ് ഈ എന്‍ജിഒ രജിസ്റ്റര്‍ ചെയ്യുന്നത്. നിങ്ങളുടെ എന്‍ജിഒ ഒരു ട്രസ്റ്റായിട്ടാണോ, സൊസൈറ്റിയായിട്ടാണോ അതോ സെക്ഷന്‍ 8 കമ്പനിയായിട്ടാണോ പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കുക.

3. അംഗങ്ങളെ തിരഞ്ഞെടുക്കുക:
ഒരു എന്‍ജിഒയ്ക്ക് കുറഞ്ഞത് 3-7 അംഗങ്ങളെങ്കിലും വേണം. അംഗങ്ങള്‍ക്ക് അവരുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

എന്‍ജിഒ രജിസ്‌ട്രേഷന്‍ നടപടിക്രമം

ഒരു എന്‍ജിഒ ഔദ്യോഗികമായി അംഗീകരിക്കപ്പെടണമെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്. രജിസ്‌ട്രേഷനായി താഴെ പറയുന്ന നടപടിക്രമം പാലിക്കണം:

1. ട്രസ്റ്റ് രജിസ്‌ട്രേഷന്‍

ഇന്ത്യന്‍ ട്രസ്റ്റ് ആക്ട്, 1882 പ്രകാരമാണ് ട്രസ്റ്റ് രജിസ്‌ട്രേഷന്‍ ചെയ്യുന്നത്. ഇതിന് ആവശ്യമായ രേഖകള്‍:

- ട്രസ്റ്റ് ഡീഡ്

- ട്രസ്റ്റിമാരുടെ ലിസ്റ്റ്

- പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്

- രജിസ്‌ട്രേഷന്‍ ഫീസ്

2. സൊസൈറ്റി രജിസ്‌ട്രേഷന്‍

സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്, 1860 പ്രകാരമാണ് സൊസൈറ്റി രജിസ്‌ട്രേഷന്‍ ചെയ്യുന്നത്. ഇതിന് ആവശ്യമായ രേഖകള്‍:

- മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ (Memorandum of Association)

- റൂള്‍സ് & റെഗുലേഷന്‍സ്

- കുറഞ്ഞത് 7 അംഗങ്ങളുടെ ലിസ്റ്റ്

- അംഗങ്ങളുടെ അഡ്രസ് പ്രൂഫ്

3. സെക്ഷന്‍ 8 കമ്പനി രജിസ്‌ട്രേഷന്‍

കമ്പനീസ് ആക്ട്, 2013 പ്രകാരമാണ് സെക്ഷന്‍ 8 കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് ആവശ്യമായ രേഖകള്‍:

- ഡയറക്ടര്‍മാരുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്

- MOA (മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍), AOA (ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍)

- രജിസ്റ്റര്‍ ചെയ്ത ഓഫീസിന്റെ പ്രൂഫ്

എന്‍ ജി ഒ എവിടെ രജിസ്റ്റര്‍ ചെയ്യണം? 

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അസോസിയേഷനുകളിലാണ് എന്‍ജിഒകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കണം. എന്‍ജിഒ രജിസ്റ്റര്‍ ചെയ്യാന്‍, ആവശ്യമായ രേഖകളോടൊപ്പം ഫീസും അടക്കണം. ഫീസ് അടച്ചാല്‍ നിങ്ങള്‍ക്ക് രസീത് ലഭിക്കും. ഇതിനുശേഷം, എല്ലാം ശരിയാണെന്ന് വെരിഫൈ ചെയ്താല്‍ കണ്ടെത്തിയാല്‍, നിങ്ങള്‍ക്ക് എന്‍ജിഒ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം.

ഇന്ത്യയിലെ പ്രധാന എന്‍ജിഒകളും അവയുടെ പ്രവര്‍ത്തനങ്ങളും 

1. സുലഭ് ഇന്റര്‍നാഷണല്‍: പതിറ്റാണ്ടുകളായി ശുചിത്വത്തിനായി പരിശ്രമിക്കുന്നു. ബിന്ദേശ്വര്‍ പഥക് സ്ഥാപിച്ച സുലഭ് എന്‍ജിഒ രാജ്യത്തുടനീളം പൊതു ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

2. ഗൂഞ്ച്: പഴയ വസ്ത്രങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിലും ഗ്രാമവികസനത്തിലും സജീവമായി ഏര്‍പ്പെടുന്നു.

3. അക്ഷയ പാത്ര ഫൗണ്ടേഷന്‍: സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ പ്രവര്‍ത്തിക്കുന്നു.

4. ഹെല്‍പ്പ് ഏജ് ഇന്ത്യ: മുതിര്‍ന്ന പൗരന്മാരുടെ പരിചരണത്തിനും പിന്തുണയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.

5. സ്‌മൈല്‍ ഫൗണ്ടേഷന്‍: വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് സംഭാവന നല്‍കുന്നു.

എന്‍ജിഒകള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും

1. സാമ്പത്തിക വെല്ലുവിളികള്‍: ഫണ്ടുകളുടെ കുറവ് എന്‍ജിഒകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരം സിഎസ്ആര്‍ ഫണ്ടുകളില്‍ നിന്നും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും സഹായം നേടുക എന്നതാണ്.

2. നിയമപരമായ തടസ്സങ്ങള്‍: നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലാത്തതിനാല്‍ പല എന്‍ജിഒകളും രജിസ്‌ട്രേഷനിലും പ്രവര്‍ത്തനത്തിലും പ്രശ്‌നങ്ങള്‍ നേരിടുന്നു. വിദഗ്ധരില്‍ നിന്ന് ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

3. പൊതുജന അവബോധത്തിന്റെ കുറവ്: സമൂഹത്തില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും.

വിജയകരമായി ഒരു എന്‍ജിഒ നടത്തുന്നത് എങ്ങനെ? 

1. ശക്തമായ നേതൃത്വം: കാര്യക്ഷമമായ നേതൃത്വം ഒരു എന്‍ജിഒയുടെ വിജയത്തിന് പ്രധാനമാണ്.

2. പ്രാദേശിക സമൂഹവുമായുള്ള ഇടപെടല്‍: ആളുകളുമായി ബന്ധം നിലനിര്‍ത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

3. സോഷ്യല്‍ മീഡിയ ഉപയോഗം: അവബോധം സൃഷ്ടിക്കുന്നതിനും സംഭാവന നല്‍കുന്നവര്‍ക്ക് എളുപ്പം ബന്ധപ്പെടുന്നതിനും സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുക.

4. സുതാര്യത നിലനിര്‍ത്തുക: സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യതയും കൃത്യമായ റിപ്പോര്‍ട്ടിംഗും ഉണ്ടായിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം