'ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നു', ഗൗരവതരമെന്ന് യുഎന്നിൽ ഇന്ത്യ, ജമ്മു ഡ്രോൺ ആക്രമണ അന്വേഷണം എൻഐഎക്ക്

By Web TeamFirst Published Jun 29, 2021, 10:17 AM IST
Highlights

അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. റത്നുചക് മേഖലയിലെ കുഞ്ജ്വാണിയിൽ ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടെത്തിയത്. 

ദില്ലി: ജമ്മു കശ്മീർ ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ. ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുവെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങൾക്കെതിരായ യുഎൻ മീറ്റിംഗിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നു എന്നും ഇന്ത്യ ആരോപിച്ചു. 

അതേ സമയം ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളിലെ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറിയത്. അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. റത്നുചക് മേഖലയിലെ കുഞ്ജ്വാണിയിൽ ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടെത്തിയത്. 

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്ഫോക വസ്തുക്കൾ വര്‍ഷിച്ച ശേഷം ഈ ഡ്രോണുകൾ തിരിച്ചുപറന്നു. രണ്ടുകിലോ വീതം സ്ഫോക വസ്തുക്കൾ ഈ ഡ്രോണുകൾ വര്‍ഷിച്ചു എന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. സ്ഫോടനത്തിന് ആര്‍ഡിഎക്സ് ഉപയോഗിച്ചോ എന്നും സംശയമുണ്ട്. വിമാനത്താവളത്തിൽ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയാണ് ഇന്ത്യാ-പാക്കിസ്ഥാൻ അതിര്‍ത്തി. ഇന്ത്യക്കുള്ളിൽ നിന്ന് ഇവ പറത്തിയതാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. 100 മീറ്റര്‍ ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ ഈ സ്ഫോടക വസ്തുക്കൾ വര്‍ഷിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. വ്യോമസേന താവളത്തിലെ വിമാനങ്ങളായിരുന്നു ലക്ഷ്യം എന്നാണ് സംശയം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

click me!