ജമ്മു കശ്മീരില്‍ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഹിസ്ബുള്‍ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും

By Web TeamFirst Published Jan 13, 2020, 5:55 PM IST
Highlights

കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. 

ദില്ലി: ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്‍പി ദേവീന്ദർ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ്  ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്.

കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇതിനായി ദേവീന്ദർ സിംഗ് ഭീകരവാദികളിൽ നിന്നും പണം കൈപറ്റിയതായും റിപ്പോർട്ടുകളുണ്ട്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ല​ക്ഷം രൂപയാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് വാങ്ങിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



വീട്ടിൽ നിന്നും എകെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെടുക്കുകയും ചെയ്തു. ഭീകരരെ കീഴടക്കി ദില്ലിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ദേവീന്ദര്‍ സിംഗിന്‍റെ  വിശദീകരണം പോലീസ്  തളളിയിരുന്നു. പാർലമെന്‍റ് ആക്രമണ കേസിലെ ഒരു പ്രതിയെ ദില്ലിയിലെത്തിക്കാനും താമസ സൗകര്യമൊരുക്കാനും ദേവീന്ദർ സിംഗ് ഇടപെട്ടതായുള്ള റിപ്പോർട്ടുകളും നേരത്തേ പുറത്ത് വന്നിരുന്നു. 



 

click me!