ഭീകരർക്ക് രക്ഷപ്പെടാൻ സഹായവാഗ്ദാനം; പിടിയിലായ ഡിഎസ്പി കൈപ്പറ്റിയത് 12 ലക്ഷം രൂപയെന്ന് പൊലീസ്

By Web TeamFirst Published Jan 13, 2020, 5:13 PM IST
Highlights

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ സെയ്ദ് നവീദ് മുഷ്താഖ്, റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവർക്കൊപ്പമായിരുന്നു ദേവീന്ദർ സിം​​ഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ദില്ലി: ജമ്മുകശ്മീരിൽ ഭീകർക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോ​ഗസ്ഥൻ പണം വാങ്ങി ഭീകരരെ സഹായിക്കുകയായിരുന്നുവെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ല​ക്ഷം രൂപയാണ് ഡിഎസ്പി ​ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് വാങ്ങിച്ചതെന്നും ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽ വച്ചാണ് ഭീകരര്‍ക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന ദേവീന്ദർ സിം​ഗിനെ ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ സെയ്ദ് നവീദ് മുഷ്താഖ്, റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവർക്കൊപ്പമായിരുന്നു ദേവീന്ദർ സിം​​ഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസില്‍ പ്രതിയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണ് നവീദ് മുഷ്താഖ് അഥവാ ബാബു. ഇതുകൂടാതെ പൊലീസിൽ ഏറെകാലം സേവനമനുഷ്ഠിച്ച കോൺസ്റ്റബിൽ കൂടിയായിരുന്നു നവീദ് മുഷ്താഖ്.

രണ്ട് ഭീകരരെ പൊലീസിൽ കീഴടങ്ങാൻ എത്തിക്കുന്നതിനിടയിലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു ദേവീന്ദർ അവകാശപ്പെട്ടത്. എന്നാൽ, ഇതുസംബന്ധിച്ച് മേലുദ്യോ​ഗസ്ഥൻമാർക്ക് യാതൊരു അറിവുണ്ടായിരുന്നില്ല. കൂടാതെ, പിടിയിലായ തീവ്രവാദികളെ ചോദ്യംചെയ്തതില്‍ നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

Read More: ജമ്മു കശ്മീരിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗ് ഭീകരർക്കൊപ്പം പിടിയിൽ

ദില്ലിയിലേക്ക് പോകുന്ന വഴി ദേശീയപാതയിൽ കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഡിഎസ്‍‍പിയെയും സംഘത്തെയും പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു നീക്കം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്ന് സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധന നടത്തുന്നതിനിടയിലാണ് ദേവീന്ദർ സിം​ഗിനൊപ്പമുള്ളവർ ഭീകരരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

തുടർന്ന് ഭീകരർക്കൊപ്പം ദേവീന്ദർ സിം​ഗിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിൽനിന്ന് ആയുധങ്ങളും ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Read More: ഡി‌എസ്‌പി ദേവീന്ദർ സിംഗ്, അഫ്‍സല്‍ ഗുരുവിനെ പീഡിപ്പിച്ച, ദില്ലിയിൽ ഭീകരർക്ക് സഹായം ചെയ്യാൻ പ്രേരിപ്പിച്ച, പൊലീസിലെ ഒറ്റുകാരനോ?

 


 

click me!