
ബെംഗളൂരു: പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടതോടെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകരോട് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജരാകാന്‍ ആഹ്വാനം ചെയ്‌ത് ജെഡിഎസ് നേതാവ് നിഖില്‍ കുമാരസ്വാമി. മാണ്ഡ്യയിലെ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന നിഖിലിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
"ഇപ്പോള്‍ത്തന്നെ നമുക്ക് തുടങ്ങണം. പിന്നെ ചെയ്യാമെന്ന് പറയാനുള്ള സാവകാശം നമുക്കില്ല. അടുത്ത മാസം മുതല്‍ നമ്മള്‍ സജ്ജരായിരിക്കണം. എപ്പോഴാണ് തെരഞ്ഞെടുപ്പ് വരികയെന്ന് പറയാന്‍ കഴിയില്ല. അടുത്ത വര്‍ഷമോ, രണ്ടു വര്‍ഷം കഴിഞ്ഞോ മൂന്നുവര്‍ഷം കഴിഞ്ഞോ ആയിരിക്കാം. ജെഡിഎസ് നേതാക്കള്‍ തയ്യാറായിരിക്കണം." വീഡിയോയില്‍ നിഖില്‍ കുമാരസ്വാമി പറയുന്നു.
സര്‍ക്കാരിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചുവര്‍ഷം തികയ്‌ക്കുമെന്നും നിഖില്‍ പറയുന്നുണ്ട്. ജെഡിഎസ് പ്രവര്‍ത്തകനായ സുനില്‍ ഗൗഡയാണ് വീഡിയോ ആദ്യം സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും സഖ്യസര്‍ക്കാരിനെ വിമര്‍ശിച്ചും എഎച്ച് വിശ്വനാഥ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് നിഖിലിന്റെ പ്രസ്‌താവന വന്നിരിക്കുന്നത്.
മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നിഖില്‍ കുമാരസ്വാമി സുമലതയോട് പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകനാണ് നിഖില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam