ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി 9പേർ മരിച്ചു; അപകടം രാംനഗറിലെ ധേല നദിയിൽ

Published : Jul 08, 2022, 09:26 AM IST
ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി 9പേർ മരിച്ചു; അപകടം രാംനഗറിലെ ധേല നദിയിൽ

Synopsis

പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്

ദില്ലി: ഉത്തരാഖണ്ഡിൽ (uttarakhand)തുടരുന്ന കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു(nine death). ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്.

പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. 

കേരളത്തിൽ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്.  12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

മൺസൂൺ പാത്തി ( Monsoon Trough) അതിന്റെ  സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ചക്രവാതചുഴിയും ( Cyclonic Circulation)നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്.

വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍

*08-07-2022: പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
*09-07-2022:  ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
*10-07-2022:  ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
*11-07-2022:  ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 11-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 11-07-2022 വരെ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

09-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം  അതിനോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

08-07-2022: ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11-07-2022 വരെ: തെക്ക് കിഴക്കൻ -  മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ)  09-07-2022 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

കാസർകോട്, കണ്ണൂർ ജില്ലകളിലും ദേവികളും താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: കനത്ത മഴ തുടരുന്ന  സാഹചര്യത്തിൽ ഇന്ന് (ജൂലൈ 8 വെള്ളി) കാസർകോട്, കണ്ണൂർ ജില്ലകളിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ജില്ലാ കളക്ടർമാർ  അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക് പരിധിയിൽ 04.07.2022 തീയതി മുതൽ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും,  ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (08.07.2022)  അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന