ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ പേരുകൾ മടക്കി കേന്ദ്രം, സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാര്‍ ചുമതലയേറ്റു

By Web TeamFirst Published Aug 31, 2021, 1:16 PM IST
Highlights

കേരളവും, കര്‍ണാടകയും ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിൽ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്.

ദില്ലി: മൂന്ന് വനിതകൾ ഉൾപ്പടെ ഹൈക്കോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു. കേരള-കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ ശുപാര്‍ശ കീഴ്വഴക്കം ലംഘിച്ചാണ് രണ്ടാമതും കേന്ദ്രം മടക്കിയത്. 

കേരളവും, കര്‍ണാടകയും ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിൽ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്. ഇതിൽ 12 പേരുകൾ 2019 ജൂലായ് മാസത്തിൽ നൽകിയതായിരുന്നു. തീരുമാനം രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷമാണ് പേരുകൾ പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിലപാട്. 

കേരള ഹൈക്കോടതിയിലേക്ക് കെ.കെ.പോളിനെ നിയമിക്കാനുള്ള ശുപാർശ  ഇത് രണ്ടാംതവണയാണ് നിരസിക്കുന്നത്. ഒരിക്കൽ മടക്കിയ പേര് കൊളിജയം രണ്ടാമതും അയച്ചാൽ അത് അംഗീകരിക്കണം എന്നതാണ് കീഴ്വഴക്കം. ആ  കീഴ്വഴക്കം കൂടിയാണ് കേന്ദ്രം തെറ്റിച്ചത്. ഇതോടെ കോടതി ഉത്തരവിലൂടെ ജഡ്ജിമാരെ നിയമിക്കണമെന്ന നീക്കത്തിലേക്ക് സുപ്രീംകോടതി പോകാനുള്ള സാധ്യതയും തള്ളാനാകില്ല.

ഒമ്പത് പുതിയ ജഡ്ജിമാർ  സുപ്രീംകോടതിയിൽ ചുമതലയേറ്റു

മൂന്ന് വനിതകൾ ഉൾപ്പടെ ഒമ്പത് പുതിയ ജഡ്ജിമാർ ഇന്ന് സുപ്രീംകോടതിയിൽ ചുമതലയേറ്റു. ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി.ടി.രവികുമാറിന്‍റെ സത്യപ്രതിജ്ഞ. ആറാംനമ്പര്‍ കോടതിയിൽ ജസ്റ്റിസ് എസ്.കെ.കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി.ടി.രവികുമാറിന്‍റെ ആദ്യ ദിനം. ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി.വി.നഗരത്ന, ജസ്റ്റിസുമാരായ ശ്രീനിവാസ് ഓഖ, വിക്രം നാഥ്, ജെ.കെ.മഹേശ്വരി, ഹിമ കോലി, എം.എം.സുന്ദരേഷ്, ബേല ത്രിവേദി, പി.എസ്.നരസിംഹ എന്നിവരും ചുമതലയേറ്റു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!