
ദില്ലി: പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠിയാണ് സിഎഎക്കെതിരെ നിലപാടെടുത്തത്. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന് ഒരുഗുണവും ചെയ്യില്ല. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന പിന്തുടരുന്നില്ലെങ്കില്‍ ബിജെപി അത് കീറിക്കളയണം. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനാകില്ലെന്ന കാര്യം വ്യക്തമാണ്. ഓരോ നഗരവും ആഭ്യന്തര യുദ്ധത്തിന് സമാനമാണ്. ആഭ്യന്തര യുദ്ധ സമാനമായ സാഹചര്യത്തില്‍ വികസനത്തെക്കുറിച്ച് സങ്കല്‍പ്പിക്കാനാകില്ല. സാഹചര്യങ്ങള്‍ മനസ്സിലാക്കിയതിനാലാണ് ഞാന്‍ സിഎഎയെ എതിര്‍ക്കുന്നത്. ഇത് എന്‍റെ മണ്ഡലമായ മൈഹറിലെ മാത്രം കാര്യമല്ല, മറ്റ് പല സ്ഥലങ്ങളിലും സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനക്കനുസൃതമായിട്ടേ രാജ്യം ഭരിക്കാനാകൂ. അല്ലെങ്കില്‍ എല്ലാ മതത്തിനും തുല്യ പരിഗണന നല്‍കുന്ന ഭരണഘടന കീറിയെറിഞ്ഞ് ബിജെപി സ്വന്തം നിലക്ക് മുന്നോട്ടുവരുകയും അത് ജനത്തോട് പറയുകയും വേണം. ഈ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണ് സിഎഎ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ പൗരത്വ പട്ടികയെയും ത്രിപാഠി രൂക്ഷമായി വിമര്‍ശിച്ചു. ഗ്രാമത്തിലെ ജനത്തിന് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിയിന്മേലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജെപി വിടേണ്ടി വന്നാലും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് പോകില്ല. സിഎഎക്കെതിരെ നിലപാടെടുത്തത് തന്‍റെ ഉറച്ച ബോധ്യത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമ ഭേദഗതിക്കനുകൂലമായും ത്രിപാഠി വോട്ട് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപി ബംഗാള്‍ വൈസ് പ്രസിഡന്‍റ് ചന്ദ്രബോസ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam