
ദില്ലി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയര്മാന് രാഹുല്‍ ബജാജിന്റെ വിമര്‍ശനം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാഹുലിന്റെ പ്രതികരണത്തിന് അമിത് ഷാ മറുപടി നല്‍കിയതാണ്, അത് ശ്രദ്ധിക്കാതെ രാഹുലിന്റെ അഭിപ്രായം പ്രചരിപ്പിക്കുന്നത് രാജ്യതാത്പര്യത്തെ വൃണപ്പെടുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം നല്‍കിയിട്ടുണ്ട്. ഒരാളുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച മാർഗ്ഗം എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് , അത് ഏറ്റുപിടിക്കുന്നത് ദേശീയ താൽപ്പര്യത്തെ ബാധിക്കും, സീതാരാമൻ ട്വീറ്റ് ചെയ്തു.
മുംബൈയില്‍ ദ ഇക്കണോമിക് ടൈംസിന്റെ പുരസ്കാരച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിലിരിക്കവെയാണ് രാഹുൽ ബജാജിന്റെ വിമർശനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും വിമർശിക്കാൻ കഴിയുമായിരുന്നു. അത് നിങ്ങൾ നല്ല രീതിയിൽ ചെയ്തു. പക്ഷേ മോദി സർക്കാരിനെ വിമർശിക്കാൻ രാജ്യത്ത് പലർക്കും ആത്മവിശ്വാസമില്ല. വിമര്‍ശനങ്ങളെ ശരിയായ രീതിയിൽ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും രാഹുൽ ബജാജ് പറഞ്ഞു.
ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത്ഷാ ഇതിനു മറുപടിയായി അതേ വേദിയില്‍ പറഞ്ഞത്. മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ ദേശഭക്തന് എന്നു വിളിച്ച ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനെക്കുറിച്ചും രാഹുല്‍ ബജാജ് പരാമര്‍ശിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞു. പുരസ്കാര ചടങ്ങിൽ അമിത്ഷായെ കൂടാതെ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ തുടങ്ങിയവരും പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam