
നാഗ്പൂര്‍: രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നേതൃത്വമാണ് നാഗ്പൂരിൽ നിതിൻ ഗഡ്കരിയുടെ പ്രധാന പ്രചാരണ വിഷയം. എന്നാൽ ഗഡ്കരിയുടെ മണ്ഡലത്തിലുമുണ്ട് വർഷങ്ങളെടുത്തിട്ടും പണിതീരാത്ത പാലങ്ങളും ഹൈവേയും. നാഗ്പൂരിനെയും ഭണ്ഡാരയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലെ മേൽപാലവും അനുബന്ധ പദ്ധതികളുമാണ് ഇഴഞ്ഞ് നീങ്ങുന്നത്.
വർഷങ്ങൾക്കിപ്പുറം മഹാ മെട്രോ നാഗ്പൂരിന്റെ ജീവനാഡിയാണ്, നഗരത്തിന്റെ അടിസ്ഥാന സൗകര്യത്തിലുമുണ്ട് അടിമുടി മാറ്റം. എന്നാൽ ഗഡ്കരിയുടെ സ്വന്തം മണ്ഡലത്തിൽ പണി പൂർത്തിയാകാത്ത പാർഡി ഫ്ലൈ ഓവറും അനുബന്ധ പദ്ധതികളും തീർക്കുന്ന ദുരിതം ചെറുതല്ല. വിമർശനം ശക്തമായതോടെ ഫ്ലൈ ഓവറിന്റെ പണി പൂർത്തിയായ ഭാഗം തുറന്നു കൊടുത്തിരുന്നു, എന്നാൽ ഇത് മരണക്കെണിയായി മാറി. നാല് വർഷത്തിനിടെ 32 ജീവനുകൾ വിവിധ അപകടങ്ങളിൽ പൊലിഞ്ഞു. മൂന്ന് വർഷം മുൻപ് നിർമ്മാണത്തിനിടെ പാലത്തിന്റെ 30 മീറ്ററോളം തകർന്ന് വീണതും അനാസ്ഥയുടെ ചിത്രമാണ് തെളിച്ച് കാട്ടുന്നത്.
തിരക്കേറിയ നഗരത്തിലെ മാർക്കറ്റിലേക്ക് ഫ്ലൈ ഓവർ വന്നെത്തുന്നതാണ് പ്രധാന പ്രശ്നം. ഇത് പരിഹരിച്ചാൽ ഫ്ലൈ ഓവർ പൂർണമായും തുറന്ന് കൊടുക്കാനാകും എന്നാണ് അധികൃതരുടെ വിശദീകരണം. പണി പൂർത്തിയായാൽ നാഗ്പൂരിൽ നിന്നും ഭണ്ഡാരയിലേക്കുളള യാത്ര സുഗമമാകും, പുതിയ മാർക്കറ്റുകളും അനുബന്ധ റോഡുകളുമെത്തും, നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും, പക്ഷെ പണി ഇപ്പോഴും തുടരുകയാണ്, കേന്ദ്ര ഗതാഗത മന്ത്രിയുടെ നാട്ടിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam