
ദില്ലി: ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറും തമ്മില്‍ വാക്പോര് രൂക്ഷമാകുന്നു. പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ നിതീഷ് കുമാർ ജെഡിയുവിനെ കോൺഗ്രസില്‍ ലയിപ്പിക്കണമെന്ന് നേരത്തെ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി. നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് പ്രശാന്ത് കിഷോർ തിരിച്ചടിച്ചു. നിതീഷ് കുമാർ രാഷ്ട്രീയമായി ഒറ്റപ്പെട്ടു, വിശ്വസിക്കാനാകാത്തവരാണ് അദ്ദേഹത്തിന് ചുറ്റും ഇപ്പോഴുള്ളതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
താൻ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഞാൻ ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നു. ആദ്യത്തെ ആരോപണം ശരിയാണെങ്കിൽ രണ്ടാമത്തെ ആരോപണം തെറ്റാകും അതാണ് നിതീഷ് കുമാറിന് മതിഭ്രമമാണെന്ന് താൻ പറയുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കാൻ ജനങ്ങളെ പ്രശാന്ത് കിഷോര്‍ സ്വാധീനിച്ചുവെന്ന് നിതീഷ് ആരോപിച്ചു. കുറച്ചു കാലങ്ങൾക്ക് മുമ്പ് ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ അദ്ദേഹം ഉപദേശിച്ചു. അതേസമയം തന്നെ വീട്ടിലേക്ക് വിളിച്ച് ജെഡിയുവിൽ ചേരാൻ നിതീഷ് കുമാര്‍ ക്ഷണിച്ചുവെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി.
നേരത്തെ ജെ ഡി യു പ്രധാന പദവി നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെന്നും താനത് തള്ളിക്കളഞ്ഞെന്നുമാണ് പ്രശാന്ത് കിഷോർ പറഞ്ഞത്. മുഖ്യമന്ത്രി കസേര തന്നാൽ പോലും താൻ ജെ ഡി യുവിനായി പ്രവർത്തിക്കില്ലെന്നും 'ജൻ സൂരജ്' പദയാത്രയിൽ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഇനിയൊരിക്കലും ജെ ഡി യുവിനായി പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒരു കാലത്ത് ജെ ഡി യുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതല വഹിച്ചിരുന്നയാളാണ് 45 കാരനായ പ്രശാന്ത് കിഷോർ. പിന്നീട് ജെ ഡി യു ദേശീയ വൈസ് പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ശേഷം ജെ ഡി യു വിട്ട കിഷോർ കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കാറാനുള്ള തന്ത്രങ്ങൾ മെനഞ്ഞെങ്കിലും യാഥാർത്ഥ്യമായില്ല. രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐ പാക് സ്ഥാപകനായ അദ്ദേഹം പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ജെഡിയുവിൽ നിന്ന് പുറത്തേക്ക് പോയത്.