
ദില്ലി: ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു ബിജെപി ധാരണ. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും.
സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും.കഴിഞ്ഞ യോഗത്തിന് ശേഷമാണ് ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. കൺവീനർ പദവിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. മമതയുടെ നിലപാടറിഞ്ഞ ശേഷം മതി തീരുമാനമെന്നായിരുന്നു രാഹുലിൻ്റെ നിർദ്ദേശം.
വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. നിർണ്ണായക നീക്കങ്ങൾക്ക് മുന്നോടിയായി നിതീഷ് കുമാർ വിളിച്ച നിയമസഭ കക്ഷി യോഗം രാവിലെ 10 മണിക്ക് ചേരും. തുടർന്ന് നിതീഷ് കുമാർ കൂടി പങ്കെടുക്കുന്ന എൻ ഡി എ യോഗവും ചേരും. സത്യപ്രതിജ്ഞ ചടങ്ങിൽ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും.കോൺഗ്രസ് എംഎൽഎമാരുടെ യോഗവും ഇന്ന് ചേരും. ഛത്തീസ് ഘട്ട് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നിരീക്ഷകനായി കോൺഗ്രസ് ബിഹാറിലേക്ക് അയച്ചിട്ടുണ്ട്.