
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ തീർത്തും രഹസ്യമായ നീക്കത്തിലൂടെയാണ് നിതീഷ് കുമാറിന്റെ പടിയിറക്കം വലിയ ബഹളങ്ങളില്ലാതെ നടപ്പാക്കിയത്. ഒരുമാസം നീണ്ട ചർച്ചകളാണ് ഇതിനായി നേതാക്കൾ നിതീഷ് കുമാറുമായി നടത്തിയത്. മുഖ്യമന്ത്രി പദത്തിന് പകരം നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും, ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും കിട്ടും.
എപ്പോൾ എങ്ങോട്ട് ചാടുമെന്ന് അടുപ്പക്കാർക്കുപോലും ഉറപ്പില്ലാത്ത നിതീഷ് കുമാർ മൂന്നാം മോദി സർക്കാറിന് എന്നും വെല്ലുവിളിയായിരുന്നു. എന്നാൽ ബഹളങ്ങളില്ലാതെ നിതീഷ് കുമാറിന്റെ പടിയിറക്കം സാധ്യമാക്കാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി എൻഡിഎ വൻ വിജയമാണ് നേടിയത്. ജെഡിയു 85ഉം, ബിജെപി 89ഉം സീറ്റാണ് നേടിയത്. ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടിയ നിതീഷ് കുമാർ ഒരു വർഷം പൂർത്തിയാകുമ്പോൾ പടിയിറങ്ങുമെന്ന ധാരണയുണ്ടായിരുന്നുവെന്ന് ചില ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കാനാകില്ലെന്ന് ബിജെപി നിലപാടെടുത്തു.
കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, രാജ്യസഭാ എംപി സഞ്ജയ് ഝാ, ബിഹാർ മന്ത്രി വിജയ് കുമാർ ചൗധരി എന്നീ മൂന്ന് മുതിർന്ന ജെഡിയു നേതാക്കളുമായാണ് ആദ്യം അമിത് ഷാ ചർച്ചകൾ നടത്തിയത്. മകൻ നിഷാന്തിനെ ബിഹാർ സർക്കാറിൽ ഉൾപ്പെടുത്താമെന്ന് ബിജെപി നേതൃത്വം നിർദേശിച്ചു. മൂന്ന് നേതാക്കളും നാല് വട്ടം നിതീഷ് കുമാറുമായി സംസാരിച്ചാണ് കഴിഞ്ഞ മാസം അവസാനത്തോടെ കാര്യങ്ങൾ ധരിപ്പിച്ചത്. എന്നാൽ ബിഹാറിലെ ചില ജെഡിയു നേതാക്കൾ നിഷാന്ത് നേതൃ നിരയിലേക്ക് വരുന്നതിനെ എതിർത്തു, നിഷാന്ത് രാജ്യസഭയിലേക്ക് പോകട്ടെയെന്നും നിലപാടെടുത്തു. രാജ്യസഭയിലൂടെയുള്ള പടിയിറക്കമായിരിക്കും ഏറ്റവും ഉചിതമെന്ന് പിന്നീട് ജെഡിയു നേതാക്കൾ നിതീഷിനെ ബോധ്യപ്പെടുത്തി. രാജ്യസഭയിലും അംഗമായി ഇരിക്കണമെന്ന നിതീഷിന്റെ ആഗ്രഹവും നേതാക്കൾ ഓർമ്മിപ്പിച്ചു. ഇപ്പോഴുള്ള ഒഴിവിൽ മത്സരിച്ചില്ലെങ്കിൽ ബിഹാറിൽ നിന്നുള്ള ഒഴിവിനായി ഇനി രണ്ടുവർഷം കാത്തിരിക്കേണ്ടി വരുമെന്നതും ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഒടുവിൽ നിതീഷ് സമ്മതിച്ചു.
രാഷ്ട്രീയത്തിലേക്കിറങ്ങാനൊരുങ്ങിയ നിഷാന്തിന് അച്ഛൻ രാജ്യസഭയിലേക്ക് പോകുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ലെങ്കിലും പിന്നീട് സമ്മതിച്ചു. ചൊവ്വാഴ്ച മാത്രമാണ് നിതീഷിന്റെ മറ്റു ബന്ധുക്കൾ ഇതെല്ലാം അറിയുന്നത്. പിന്നാലെ അടുത്ത ബന്ധുക്കളും മറ്റു സംസ്ഥാന നേതാക്കളും എതിർപ്പുയർത്തിയെങ്കിലും നിതീഷ് സമ്മതിച്ചതോടെ ഇതിന് പ്രസക്തിയില്ലാതായി. മുഖ്യമന്ത്രിപദം ബിജെപിയെടുക്കുന്നതോടെ ബിഹാറിൽ എട്ട് മന്ത്രിസ്ഥാനങ്ങൾ കൂടി ജെഡിയുവിന് നൽകാനാണ് ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam