മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, രേണു ദേവി ബിഹാറിലെ ആദ്യ വനിത ഉപമുഖ്യമന്ത്രി

By Web TeamFirst Published Nov 16, 2020, 4:47 PM IST
Highlights

തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രീയ ജീവതത്തിൽ മുഖ്യമന്ത്രിയായുള്ള ആറാമത്തേയും സത്യപ്രതിജ്ഞയായിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പാറ്റ്നയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർ എത്തിയിരുന്നു. ബിജെപി നേതാവ് രേണു ദേവിയാണ് പുതിയ സർക്കാരിലെ ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിൽ എത്തുന്ന ആദ്യവനിതയാണ് അവർ. 

243 അംഗ ബിഹാർ നിയമസഭയിൽ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയത്. അതേസമയം നാലാം വട്ടം മുഖ്യമന്ത്രിയാകുമ്പോൾ മുൻപത്തേക്കാൾ ദുർബലനാണ് നിതീഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപിയെ മാറ്റിയിട്ടുണ്ട്. 

Latest Videos

അതിനാൽ നിർണായക വകുപ്പുകളടക്കം സർക്കാരിൻ്റെ നിയന്ത്രണം ബിജെപിയിലായിരിക്കും. മുൻസർക്കാരുകളിൽ ഉപമുഖ്യമന്ത്രിയും നിതീഷിൻ്റെ വിശ്വസ്തനുമായിരുന്ന സുശീൽ കുമാർ മോദിയെ ഇക്കുറി ബിജെപി സർക്കാരിൻ്റെ ഭാഗമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയാക്കി സുശീലിനെ ബിജെപി ദേശീയരാഷ്ട്രീയത്തിലേക്ക് മാറ്റും എന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ 74 സീറ്റുകൾ ബിജെപി നേടിയപ്പോൾ ജെഡിയു 43 സീറ്റിൽ ഒതുങ്ങിയിരുന്നു. 

വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാൽ ചൗധരിഷ ഷീല മണ്ടൽ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാ​ഗമാകുന്ന ജെഡിയു അം​ഗങ്ങൾ. മം​ഗൾ പാണ്ഡേ, രാംപ്രീത് പാസ്വാൻ തുടങ്ങി 14 ബിജെപി നേതാക്കളും നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ ചേരും. ഹിന്ദുസ്ഥാനി അവാമി മോ‍ർച്ചയിൽ നിന്നും സന്തോഷ് മാഞ്ചിയും വികാശീൽ ഇൻസാൻ പാ‍ർട്ടിയിൽ നിന്നും മുകേഷ് മല്ലാഹും മന്ത്രിസഭയിൽ ചേരും. 

click me!