
ആന്ധ്ര : കഴിഞ്ഞ കൊല്ലത്തെപ്പോലെ ഇക്കൊല്ലവും നവംബർ 15 അടുപ്പിച്ച് ഗാന്ധി ഘാതകനായ നഥുറാം വിനായക് ഗോഡ്‌സെയുടെ പേര് ട്വിറ്ററിൽ ട്രെൻഡിങ് ആയി. ഇന്നേക്ക് 71 വർഷം മുമ്പാണ് അംബാല ജയിലിൽ വെച്ച്, ഗാന്ധിജിയെ വെടിവെച്ചു കൊന്ന കുറ്റത്തിന് നഥുറാമിനെ കഴുമരത്തിലേറ്റിയത്.
ഗാന്ധി ആരാധകനിൽ നിന്ന് ഗാന്ധി ഘാതകനിലേക്ക്, ഗോഡ്‌സെയുടെ ജീവിതം മാറിമറിഞ്ഞതെങ്ങനെ?
ഗാന്ധിവധത്തിന്റെ അറിയാക്കഥകൾ, മഹാത്മാവിനു നേരെ വെടിയുതിർത്ത തോക്കിന്റെ ഉടമയാര്?
ഇത്തവണ വിവാദാസ്പദമായ ട്വീറ്റ് ഇട്ടിരിക്കുന്നത്, ആന്ധ്ര പ്രദേശിലെ ബിജെപിയുടെ സമുന്നതനായ നേതാവും, സ്റ്റേറ്റ് സെക്രട്ടറിയും ആയ നാഗോത്ത് രമേശ് നായിഡുവാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നഥുറാം വിനായക് ഗോഡ്‌സെയുടെ ചരമ വാർഷിക ദിനത്തിൽ ഗോഡ്‌സെയെ ദേശാഭിമാനി എന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് നായിഡു.
" ഭാരതഭൂമിയിൽ ജന്മമെടുത്ത ഏറ്റവും മഹാനായ ദേശാഭിമാനി, നഥുറാം വിനായക് ഗോഡ്സെക്ക് അദ്ദേഹത്തിന്റെ ചരമവാർഷികദിനത്തിൽ ഞാൻ അദ്ദേഹത്തിന് തികഞ്ഞ കൃതജ്ഞതയോടെ പ്രണാമം അർപ്പിക്കുന്നു." എന്നായിരുന്നു നായിഡുവിന്റെ ട്വീറ്റ്.
പ്രകോപനപരമായ ഈ ട്വീറ്റ് വന്നതിനു പിന്നാലെ നായിഡുവിനെ പദവികളിൽ നിന്ന് നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനു മുമ്പ് 2019 -ൽ ഗോഡ്‌സെയെ ദേശഭക്തൻ എന്ന് പരസ്യമായി വിശേഷിപ്പിച്ചത് സാധ്വി പ്രഗ്യാ സിംഗ് ആയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് പ്രഗ്യ ആ പറഞ്ഞതിൽ തനിക്ക് ഏറെ ഹൃദയവേദനയുണ്ടായി എന്നും, അത് മാപ്പർഹിക്കാത്ത കുറ്റമാണ് എന്നുമായിരുന്നു.
ട്വീറ്റ് വിവാദമായതോടെ, നായിഡു തന്റെ വിശദീകരണവുമായി രംഗത്തുവരികയും ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. "ഞാൻ അല്ല, എന്റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഐടി സെൽ പയ്യൻ ആണ് ഈ ട്വീറ്റ് ഇട്ടത്. പ്രസ്തുത പയ്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പയ്യനെ ജോലിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്" എന്നായിരുന്നു വിശദീകരണം.
ബിജെപി ആന്ധ്ര സംസ്ഥാന സെക്രട്ടറി പദവിയിൽ എത്തും മുമ്പ് സംസ്ഥാനത്തെ യൂവമോർച്ചയുടെ തലപ്പത്തായിരുന്നു നായിഡു. അതിനു പുറമെ പഞ്ചായത്ത് തലത്തിലും അദ്ദേഹം ഭരണ നിർവഹണ പദവികളിൽ ഇരുന്നിട്ടുണ്ട്. അതിനും മുമ്പ് എബിവിപിയുടെ ദേശീയ നേതൃത്വത്തിലും രമേശ് നായിഡു ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam