ആർഎസ്എസിനെ ബിജെപിയുടെ കണ്ണിലൂടെ കാണരുതെന്നും സംഘടനയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാമൂഹിക മാറ്റമാണ് ലക്ഷ്യമെന്നും അദ്ദേഹം കൊൽക്കത്തയിലെ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തിനിടെ പറഞ്ഞു. 

ദില്ലി: ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. കൊൽക്കത്തയിൽ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായുള്ള പരിപാടിയിലാണ് ആർഎസ്എസ് മേധാവിയുടെ പരാമർശം. ആർഎസ്എസിനെ ഏതെങ്കിലും സംഘടനയുമായി താരതമ്യം ചെയ്യാനാകില്ലെന്നും, ആർഎസ്എസിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സാമൂഹിക മാറ്റമാണ് ലക്ഷ്യമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. ആർഎസ്എസ് ആരെയും ശത്രുക്കളായി കാണുന്നില്ല, എന്നാൽ ആർഎസ്എസ് ഇനിയും വളർന്നാൽ സങ്കുചിത മനസുള്ള പലരുടെയും പ്രവർത്തനം നിർത്തേണ്ടിവരുമെന്നും ഭാ​ഗവത് പറഞ്ഞു.

ബംഗ്ലാദേശ് വിഷയത്തിലും മോഹൻ ഭാഗവത് പ്രതികരിച്ചു. ഹിന്ദുക്കൾക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കൾ സഹായം നല്കണം. കേന്ദ്രം ഈ വിഷയത്തിൽ ഇടപെടണം. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നില്ക്കണമെന്നും ഇന്ത്യ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്കുള്ള ഏക രാജ്യമാണ് ഇന്ത്യ. ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്. ഇതിനകം സർക്കാർ ഇത് ചെയ്യുന്നുണ്ടാവും എന്നാണ് താൻ കരുതുന്നതെന്നും ആർഎസ്എസ് മേധാവി അറിയിച്ചു.