കൊവിഡ് ചികിത്സക്ക് ഗംഗാജലം പരീക്ഷിക്കണം; ഐസിഎംആറിന് ഗംഗാ ശുചിത്വ മിഷന്റെ കത്ത്

By Web TeamFirst Published May 5, 2020, 7:11 PM IST
Highlights

ഗംഗാനദിയിലെ ഫേയ്ജസുകള്‍ക്ക് ആന്റി മൈക്രോബയല്‍ ഘടകങ്ങളുണ്ടെന്നും അവ ബാക്ടീരിയകളെ കൊല്ലുമെന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അതുല്യ ഗംഗ ഫൗണ്ടര്‍ മേജര്‍ മനോജ് കേശ്വര്‍(റിട്ട) പറഞ്ഞു.
 

ദില്ലി: കൊവിഡ് രോഗം ഭേദമാകാനായി രോഗികളില്‍ ഗംഗാജലമുപയോഗിച്ചുള്ള ചികിത്സക്ക് പരീക്ഷണാനുമതി നല്‍കണമെന്ന് ദേശീയ ഗംഗാ ശുചിത്വ മിഷന്‍ ഐസിഎംആറിനോട് അഭ്യര്‍ത്ഥിച്ചു. വിരമിച്ച സൈനികരുടെ കൂട്ടായ്മയായ അതുല്യ ഗംഗ ഗംഗാ ജലമുപയോഗിച്ച് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജല ശക്തി മന്ത്രാലയത്തിന്റെ വിഭാഗമായ ഗംഗാ ശുചിത്വ മിഷന്‍ ആവശ്യവുമായി രംഗത്തെത്തിയത്.

പുണ്യനദിയായ ഗംഗ നദിയിലെ വെള്ളത്തിന് കൊവിഡ് 19 ഭേദപ്പെടുത്താന്‍ കഴിയുമെന്നാണ് ഇവരുടെ വാദം. ഗംഗാജലത്തിലെ ബാക്ടീരിയകള്‍ക്കും നിഞ്ജ വൈറസിനും രോഗകാരണമായ വൈറസുകളെ ഇല്ലാക്കാന്‍ സാധിക്കും. ഗംഗാനദിയിലെ ഫേയ്ജസുകള്‍ക്ക് ആന്റി മൈക്രോബയല്‍ ഘടകങ്ങളുണ്ടെന്നും അവ ബാക്ടീരിയകളെ കൊല്ലുമെന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അതുല്യ ഗംഗ ഫൗണ്ടര്‍ മേജര്‍ മനോജ് കേശ്വര്‍(റിട്ട) പറഞ്ഞു. 

ഗംഗാജലത്താല്‍ ഇന്ത്യ അനുഗ്രഹീതമാണ്. കൊവിഡ് രോഗ ശമനത്തിന് ആളുകള്‍ ഗംഗാജലം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19ന് ഇതുവരെ മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മരുന്ന് പരീക്ഷണം നടക്കുകയാണ്. കൊവിഡിന് വാക്‌സിന്‍ കണ്ടെത്താന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 

click me!