
ബെംഗളൂരു: ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിലും ജാമ്യം നിഷേധിച്ചതിലും പ്രതിഷേധിച്ച് നാളെ ആന്ധ്രയിൽ ബന്ദിന് ആഹ്വാനം ചെയ്ത് ടിഡിപി. വിജയവാഡയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിനുള്ള ജാമ്യം നിഷേധിക്കുകയായിരുന്നു. നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. അതേസമയം, ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ.
ഒരു വശത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോൾ മറുവശത്ത് ഭരണകക്ഷിയുടെ ആഘോഷം നടക്കുകയാണ്. നാടകീയതയുടെ രാപ്പകലുകളാണ് ആന്ധ്രയിൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിന് ശേഷം കടന്ന് പോയത്. എട്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത്. കുറ്റകരമായ വിശ്വാസവഞ്ചന ചുമത്തിയ 409-ാം വകുപ്പ്, അഴിമതി നിരോധനനിയമം എന്നിവ ചുമത്തിയത് കോടതി ശരിവച്ചു. ഗവർണറുടെ അനുമതിയില്ലാതെ, നോട്ടീസ് നൽകാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, മന്ത്രിസഭ അംഗീകരിച്ച, നിയമസഭ പാസ്സാക്കിയ നടപടിയുടെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് നിയമപരമല്ലെന്നും നായിഡു നേരിട്ട് തന്നെ കോടതിയിൽ വാദിച്ചിട്ടും മജിസ്ട്രേറ്റ് അത് മുഖവിലയ്ക്ക് എടുത്തില്ല. കീഴ്ക്കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര തന്നെ ഹൈക്കോടതിയിലും ഹാജരാകും.
ജാമ്യമില്ല, ചന്ദ്രബാബു നായിഡു ജയിലിലേക്ക്; ഹൈക്കോടതിയെ സമീപിക്കാന്‍ ടിഡിപി
പ്രതിഷേധം തെരുവിലും നിയമപോരാട്ടം കോടതിയിലും കടുപ്പിക്കാനാണ് ടിഡിപി തീരുമാനം. ഇതിന്‍റെ ഭാഗമായാണ് നാളെ ആന്ധ്രയിൽ ബന്ദിനുള്ള ആഹ്വാനം. 14 ദിവസത്തെ റിമാൻഡിൽ വിട്ട നായിഡുവിനെ രാജമന്ധ്രി സെൻട്രൽ ജയിലിലേക്ക് മാറ്റി. സ്കിൽ ഡെവലെപ്മെന്‍റ് കോർപ്പറേഷന്‍റെ കീഴിൽ ട്രെയിനിംഗ് സെന്‍ററുകൾ തുടങ്ങാനുള്ള പദ്ധതിയുടെ മറവിൽ സീമൻസ് ഇന്ത്യ എന്ന കമ്പനിക്ക് 371 കോടി രൂപ സർക്കാർ വിഹിതം ടെൻഡറോ പരിശോധനകളോ ഇല്ലാതെ അനുവദിച്ചുവെന്നും, ഇത് വിദേശത്തെ സ്വന്തം കടലാസ് കമ്പനികളിലേക്ക് തന്നെ നായിഡു മറിച്ചുവെന്നുമാണ് സിഐഡിയുടെ കേസ്.
https://www.youtube.com/watch?v=Ko18SgceYX8