ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമില്ല; കോടതിയില്‍ ഹാജരാക്കിയത് അതീവരഹസ്യമായി

By Web TeamFirst Published Dec 21, 2019, 7:48 PM IST
Highlights

റിമാന്‍ഡ് ചെയ്‍ത ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതീവരഹസ്യമായാണ് ചന്ദ്രശേഖര്‍ ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്.  

ദില്ലി: ദില്ലി ജമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി തള്ളി. ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതീവരഹസ്യമായാണ് ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്.  ആസാദ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ക്രമിനിൽ ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ ,പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകളാണ് പ്രതിക്കൾക്കെതിരെ ചുമത്തിയത്. ചന്ദ്രശേഖർ ആസാദിന്‍റെ പ്രസംഗം കലാപത്തിലേക്ക് നയിച്ചെന്നും പൊലീസ് ആരോപിക്കുന്നു. 

കസ്റ്റഡിയിൽ എടുത്ത് പത്തുമണിക്കൂറിനു ശേഷമാണ് ആസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജമാ മസ്ജിദിന് മുന്നിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ആസാദിനെ ആദ്യം ദരിയാഗഞ്ചിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുകയും തുടർന്ന് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്നലെ ഭീം ആർമിയുടെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് ജമാ മസ്ജീദിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. അതേസമയം ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ 42 പേരെ വിട്ടയച്ചു. 



 

click me!