പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ജോർഹട്ട്: നിയമസഭാ തെരഞ്ഞെടുപ്പിനായി അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. ആദ്യഘട്ടത്തിൽ 42 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്. പിസിസി അധ്യക്ഷനും ലോക്സഭാ എംപിയുമായ ഗൗരവ്ഗോഗോയ് ജോർഹട്ടിൽ സ്ഥാനാർത്ഥിയാവും. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നസീറയിൽ നിന്ന് വീണ്ടും മത്സരിക്കും. മുൻ മന്ത്രി രിപുൺ ബോറ ബർചല്ല മണ്ഡലത്തിൽ നിന്നും മത്സരിക്കും. 126 അംഗങ്ങളുള്ള അസം നിയമസഭയിലേക്ക് ഈ വർഷം മാർച്ചിലും ഏപ്രിലിലുമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 2023-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. നന്ദിത ദാസ് ഹാജോ സുവാൽകുച്ചിയിൽ നിന്നും മത്സരിക്കുനം. ബോകോയിൽ നിന്ന് 2016ലും 2021ലും എംഎൽഎയായിരുന്നു നന്ദിത ദാസ്.

പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ മന്ത്രി ഭൂമിധർ ബർമന്റെ മകൻ ദിഗന്ത ബർമൻ ബർഖേത്രി മണ്ഡലത്തിൽ മത്സരിക്കും. മുൻ മന്ത്രിയും നിലവിലെ നഗാവോൺ എംപിയുമായ പ്രദ്യുത് ബോർദോലോയിയുടെ മകൻ പ്രതീക് ബോർദോലോയ് മാർഗരിറ്റയിൽ നിന്ന് ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി പവൻ സിംഗ് ഘട്ടോവറിന്റെ മകൻ പ്രാഞ്ജൽ ഘട്ടോവർ ചാബുവ-ലാഹോവാൾ സീറ്റിൽ മത്സരിക്കും. ലോക്‌സഭാ എംപി റോക്കിബുൾ ഹുസൈന്റെ മകൻ തൻസിൽ ഹുസൈൻ സാമഗുരിയിൽ നിന്ന് മത്സരിക്കും. 2024ലെ ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം ബിജെപിയുടെ ദിപ്ലു രഞ്ജൻ ശർമ്മയോട് പരാജയപ്പെട്ടിരുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ പ്രണതി ഫുകാൻ നഹർകതിയയിൽ നിന്ന് മത്സരിക്കും. മുൻ മന്ത്രി റിപുൺ ബോറ ഇത്തവണ ബർചല്ല മണ്ഡലത്തിലേക്ക് മാറി.

മുൻ മന്ത്രി അജിത് സിംഗ് ഉദർബോണ്ട് സീറ്റിൽ നിന്ന് മത്സരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടർന്ന് 2019-ൽ ബിജെപി വിട്ട മീര ബോർതാക്കൂർ ഗോസ്വാമി ദിസ്പൂർ മണ്ഡലത്തിൽ മത്സരിക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ അശോക് കുമാർ ശർമ്മ നൽബാരിയിൽ സ്ഥാനാർത്ഥിയാകും. തിഹു മണ്ഡലത്തിൽ പുതിയ മുഖമായ രതുൽ പട്ടുവാരിയെയാണ് കോൺഗ്രസ് ഇറക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം