പി ചിദംബരത്തിന് ജാമ്യമില്ല, ആശുപത്രിയിലാക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Nov 1, 2019, 3:53 PM IST
Highlights

തിഹാർ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടർമാർ, ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവിൽ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും റിപ്പോർട്ട് നൽകി. 

ദില്ലി: ആരോഗ്യപ്രശ്നങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ആശുപത്രിയിലാക്കാൻ മാത്രമുള്ള ആരോഗ്യപ്രശ്നങ്ങൾ പി ചിദംബരത്തിന് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ചിദംബരത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി നേരത്തേ എയിംസിലെ ഡോക്ടർമാർ അംഗങ്ങളായ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. തിഹാർ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടർമാർ, ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവിൽ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും റിപ്പോർട്ട് നൽകി. 

ഈ റിപ്പോർട്ട് പരിശോധിച്ചാണ്, ദില്ലി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. അതേസമയം, തിഹാർ ജയിലിൽ ചിദംബരത്തിന് വൃത്തിയുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജയിലധികൃതരോട് ഹൈക്കോടതി നിർദേശിച്ചു. ചുറ്റുപാടും വൃത്തികേടുകളുണ്ടാകരുത്. നല്ല മിനറൽ വാട്ടർ തന്നെ നൽകണം. വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകാം. ദില്ലിയിലെ ഇപ്പോഴത്തെ മലിനീകരണം തടയാനായി മാസ്കുകൾ നൽകണം. കൊതുകുകടിയേറ്റ് കിടക്കുന്ന സ്ഥിതിയുണ്ടാവരുത്. കൊതുകുവല പോലത്തെ സൗകര്യങ്ങൾ നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 

click me!