'ഞങ്ങൾ അച്ചടക്കത്തോടെയാണ് പ്രവർത്തിച്ചത്'; സിക്കിം കൊവിഡ് ബാധിതരില്ലാത്ത സംസ്ഥാനമായത് എങ്ങനെയാണ്?

Web Desk   | Asianet News
Published : Apr 21, 2020, 01:27 PM IST
'ഞങ്ങൾ അച്ചടക്കത്തോടെയാണ് പ്രവർത്തിച്ചത്'; സിക്കിം കൊവിഡ് ബാധിതരില്ലാത്ത സംസ്ഥാനമായത് എങ്ങനെയാണ്?

Synopsis

ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടിപ്പിച്ച ഉത്തരവാദിത്വം പ്രശംസനീയമാണ്. ഞങ്ങൾ വിജയിച്ചു.


സിക്കിം: രാജ്യം മുഴുവൻ കൊവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ ഒരു സംസ്ഥാനം മാത്രം കൊവിഡ് ആശങ്കകളില്ലാതെ സ്വസ്ഥമാണ്. സിക്കിം ആണ് ഇതുവരെ ഒരു കൊവിഡ് ബാധ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഇന്ത്യൻ സംസ്ഥാനം. ഇന്ത്യയിൽ ഇതുവരെ പതിനെണ്ണായിരത്തിലധികം പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്. 590 പേർ മരിക്കുകയും ചെയ്തു. ജനുവരിയിൽ കേരളത്തിൽ കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സംസ്ഥാനം കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായി സിക്കിം മുഖ്യമന്ത്രി പ്രേംസിം​ഗ് തമാങ് വ്യക്തമാക്കി. 'ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത കാലം മുതൽ ഞങ്ങൾ ജാ​ഗ്രതയോടെ പ്രവർത്തിച്ചു. ജനുവരി 30നാണ് കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ആ​ദ്യവാരം മുതൽ പരിശോധന ആരംഭിച്ചു. മാർച്ച് 5 മുതൽ വിദേശികളുടെ സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര സന്ദർശകർക്കും വിലക്ക് നൽകി. കൂടാതെ സംസ്ഥാന അതിർത്തികൾ സീൽ ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനങ്ങളാണ് ഫലവത്തായത്.' മുഖ്യമന്ത്രി എൻഡിടിവിയോട് പറഞ്ഞു.

ആറ് ലക്ഷത്തിലധികം ആളുകളെ സിക്കിം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ എല്ലാ പരിശോധന ഫലങ്ങളും നെ​ഗറ്റീവ് എന്നാണ് ലഭിച്ചത്. 'സമൂഹത്തിനും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവർക്കുമാണ് ഈ വിജയത്തിന്റെ മുഴുവൻ അവകാശവും. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടിപ്പിച്ച ഉത്തരവാദിത്വം പ്രശംസനീയമാണ്. ഞങ്ങൾ വിജയിച്ചു. ഒരു കൊവിഡ് കേസ് പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും. ലോക്ക് ഡൗൺ നീക്കുന്ന സാഹചര്യത്തിൽ അടുത്ത ഘട്ടത്തിലെ മുൻകരുതൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. 'തമാം​ഗ് കൂട്ടിച്ചേർത്തു. 

സിക്കിമിലെ ഏറ്റവും വലിയ വരുമാന മാർ​ഗമായ ടൂറിസം മേഖലയ്ക്കും കൊവിഡ് 19 ബാധയെ തുടർന്ന് ഇടിവ് സംഭവിച്ചു. എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉപജീവനത്തിനുള്ള മാർ​ഗങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് മൂന്നിലൊന്ന് ജീവനക്കാരുമായി സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തന സജ്ജമാണ്. സർക്കാർ ജീവനക്കാരെ ഡ്യൂട്ടിയിൽ എത്തിക്കുന്നതിനായി പ്രത്യേകം ബസ് സർവ്വീസു ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ മറികടക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അതേസമയം കർശനമായ പരിശോധനയും ദ്രുതപരിശോധനയും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം