
ത്രിപുര: ത്രിപുര കൊവിഡ് മുക്തമായി എന്ന ശുഭവാർത്ത പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് ബാധിതന്റെയും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ട്വിറ്ററിലൂടെയാണ് ബിപ്ലബ് ദേബ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. ത്രിപുരയിലെ രണ്ടാമത്തെ കൊവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതോടെ ഞങ്ങളുടെ സംസ്ഥാനം കൊവിഡ് മുക്തമായിരിക്കുകയാണ്. എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായി വീട്ടിലിരിക്കൂ. ബിപ്ലബ് ദേബ് ട്വീറ്റിൽ കുറിച്ചു.
ത്രിപുരയിൽ സ്ത്രീക്കാണ് ആദ്യം കൊവിഡ് ബാധ കണ്ടെത്തിയത്. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഏപ്രിൽ 16ന് അഗർത്തല ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിൽ നിന്നും ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. ആസ്സാം സന്ദർശിച്ചതിനെ തുടർന്ന് ഏപ്രിൽ 6നാണ് സ്ത്രീക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരു പുരുഷനും കൊവിഡ് പോസിറ്റീവ് കണ്ടത്തി. ഇയാളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. വ്യാഴാഴ്ചയാണ് ഇയാളിൽ രോഗബാധ നെഗറ്റീവാണെന്ന് കണ്ടത്തിയത്.
കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ച് പൊതു സ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താൽ അവർക്ക് പിഴ ചുമത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തുപ്പുന്നവർക്ക് 100 രൂപ പിഴയും മൂത്രമൊഴിക്കുന്നവർക്ക് 200 പിഴയുമാണ് ചുമത്തിരുന്നത്. 111 പേർ ഇപ്പോഴും ത്രിപുരയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 227 പേർ ഹോം ക്വാറന്റൈനിലുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam