
ദില്ലി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തിൽ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികൾക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും നരേന്ദ്ര മോദിയും ഉച്ചകോടിക്കിടെ പരസ്പരം കൈകൊടുത്തു. ഷീ ജിൻപിങ്ങിനും പുട്ടിനും കൈകൊടുത്ത് മോദി
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും ഇന്ത്യ ചൈന റഷ്യ സഹകരണത്തിൻ്റെ കാഴ്ചകൾ. എന്നാൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ മോദി അവഗണിച്ചു. ഭീകരവാദം തുടച്ചുനീക്കേണ്ടത് മാനവരാശിക്ക് അനിവാര്യമെന്ന സന്ദേശമാണ് നരേന്ദ്ര മോദി ഉച്ചകോടിയിലെ പ്രസംഗത്തിൽ നൽകിയത്. ഭീകരർക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും കിട്ടുന്നത് തടയണം, മത മൗലിക വാദം ചെറുക്കണം, ഭീകരവാദം ആരും തന്ത്രപ്രധാന നയമാക്കരുതെന്നും മോദി പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുവേണം വികസന പദ്ധതികൾ എന്ന് പറഞ്ഞ മോദി, പാക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ റോഡ് നിർമ്മാണത്തിനെതിരെ പരോക്ഷ സന്ദേശം നൽകി. മയക്കുമരുന്ന് മാഫിയക്കെതിരെ കൂട്ടായ നീക്കം വേണം എന്നും മോദി നിർദ്ദേശിച്ചു. ദില്ലിയിൽ ഈ മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷീ ജിൻപിങിൻ്റെയും വ്ലാദിമിർ പുടിന്റെയും സാന്നിധ്യം ഉണ്ടാകും എന്ന സൂചനയാണ് ഷാങ്ഹായ് ഉച്ചകോടിയിലെ കാഴ്ചകൾ നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam