
ദില്ലി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം മുൻകൂട്ടി കാണാൻ കഴിയാത്തത് ഇന്‍റലിജൻസ് വീഴ്ചയല്ലെന്ന് കേന്ദ്രസർക്കാർ. എല്ലാ ഏജൻസികളും സംയുക്തമായി, ഏകകണ്ഠമായാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷൺ റെഡ്ഡിയാണ് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി എഴുതി നൽകിയിരിക്കുന്നത്.
''എല്ലാ ഇന്‍റലിജൻസ് ഏജൻസികളും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ലഭിക്കുന്ന ഇന്‍റലിജൻസ് വിവരങ്ങൾ കൃത്യമായി അതാത് സമയത്ത് പങ്കുവയ്ക്കുന്നുമുണ്ട്'', കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.
''ജമ്മു കശ്മീരിൽ കഴിഞ്ഞ മുപ്പത് വർഷമായി അശാന്തിയുണ്ടാക്കുന്നത് അതിർത്തി കടന്ന് തീവ്രവാദം വളർത്തുന്നവരാണ്. തീവ്രവാദത്തിനോട് ഒരു തരത്തിലും സന്ധിയുണ്ടാകില്ല. കഴിഞ്ഞ വർഷങ്ങളിൽ നിരവധി തീവ്രവാദികളെ സുരക്ഷാ സേനയെ ഉപയോഗിച്ച് അടിച്ചമർത്തിയിട്ടുണ്ട്'', ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫിന്‍റെ 40 സൈനികരാണ് പാക് തീവ്രവാദ സംഘടനയായ ജയ്‍ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകൾക്കിടെ ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.
ഭീകരാക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാനിലെ ബാലാകോട്ടിലേക്ക് പറന്ന ഇന്ത്യൻ യുദ്ധവിമാനങ്ങൾ, അവിടത്തെ ജയ്‍ഷെ മുഹമ്മദ് ക്യാംപ് ബോംബിട്ട് തകർത്തു. പുൽവാമയ്ക്ക് ശേഷം ഇന്ത്യ - പാക് നയതന്ത്രബന്ധമാകട്ടെ, തീർത്തും വഷളാവുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam