ഇം​ഗ്ലീഷ് വിദ്യാഭ്യാസം വേണ്ട, വേദങ്ങളിലേക്ക് മടങ്ങാം, കാവിവൽക്കരണത്തിൽ എന്താണ് തെറ്റെന്നും ഉപരാഷ്ട്രപതി

Published : Mar 20, 2022, 09:02 AM ISTUpdated : Mar 20, 2022, 11:23 AM IST
ഇം​ഗ്ലീഷ് വിദ്യാഭ്യാസം വേണ്ട, വേദങ്ങളിലേക്ക് മടങ്ങാം, കാവിവൽക്കരണത്തിൽ എന്താണ് തെറ്റെന്നും ഉപരാഷ്ട്രപതി

Synopsis

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യൻവൽക്കരണം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണെന്ന് നായിഡു

ദില്ലി: ബിജെപി സ‍ർക്കാർ (BJP Govt) വിദ്യാഭ്യാസത്തെ (Education) കാവിവൽക്കരിക്കുകയാണെന്ന (Saffronisation) ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu). കാവിക്ക് എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കൊളോണിയൽ കാലത്ത് ആരംഭിച്ച ഇം​ഗ്ലീഷ് മീഡിയം വിദ്യാഭ്യാസ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യൻവൽക്കരണം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണെന്ന് നായിഡു പറഞ്ഞു. "നമ്മുടെ വേരുകളിലേക്ക് മടങ്ങാൻ, നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം അറിയാൻ, നമ്മുടെ വേദങ്ങളിലെയും ഗ്രന്ഥങ്ങളിലെയും മഹത്തായ നിധി അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു...  ഞങ്ങൾ കാവിവൽക്കരിക്കുകയാണെന്ന് അവർ പറയുന്നു... കാവിക്ക് എന്താണ് കുഴപ്പം? എനിക്കത് മനസ്സിലാകുന്നില്ല." - നായിഡു പറഞ്ഞു. 

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നീണ്ട കാലത്തെ കൊളോണിയൽ ഭരണം സ്ത്രീകൾ ഉൾപ്പെടെയുള്ള വലിയ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുത്തി, ഒരു ചെറിയ വരേണ്യവർഗത്തിന് മാത്രമേ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുകയുള്ളൂ. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണ്, എങ്കിൽ മാത്രമേ നമ്മുടെ വിദ്യാഭ്യാസം എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവുമാക്കാൻ കഴിയൂ,"വെങ്കയ്യ നായിഡു വ്യക്തമാക്കി. 

മാതൃഭാഷ പ്രോത്സാഹിപ്പിക്കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. "ഇന്ത്യക്കാർ തങ്ങളുടെ നാട്ടുകാരോട് മാതൃഭാഷയിൽ സംസാരിക്കുകയും ഭരണം മാതൃഭാഷയിൽ നടത്തുകയും എല്ലാ സർക്കാർ ഉത്തരവുകളും മാതൃഭാഷയിൽ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു ദിവസം എന്റെ ജീവിതകാലത്ത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്തുന്ന പ്രമുഖ വിദേശികൾ അവരുടെ ഭാഷയിൽ അഭിമാനിക്കുന്നതിനാലാണ് ഇംഗ്ലീഷിനു പകരം മാതൃഭാഷയിൽ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി എന്ന നിലയിൽ 'കാവിക്ക് എന്താണ് കുഴപ്പം' എന്ന തരത്തിലുള്ള പ്രസ്താവന ഉപരാഷ്ട്രപതി നടത്തരുതായിരുന്നുവെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മന പറഞ്ഞു. ഉപരാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്. രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇത്തരം പ്രസ്താവനകൾ പ്രതീക്ഷിക്കുന്നില്ലെന്നും ധസ്മന കൂട്ടിച്ചേ‍ർത്തു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി