
മുംബൈ: ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ കൂടുതൽ താരിഫുകൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങൾ സൃഷ്ടിക്കുന്ന അവിചാരിത ഫലങ്ങൾ മുതലെടുത്ത് ആഗോള മൂലധനത്തിന് ഇന്ത്യയെ ഒരു ആകർഷകമായ കേന്ദ്രമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
'അവിചാരിത ഫലങ്ങളുടെ നിയമം' ട്രംപിന്‍റെ താരിഫ് യുദ്ധത്തിൽ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇത് ആഗോള വളർച്ചയ്ക്ക് ദീർഘകാല ഗുണഫലങ്ങൾ നൽകാൻ സാധ്യതയുണ്ടെന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. ഇന്ത്യയും ഈ അവസരം മുതലെടുത്ത് സ്വയം ഒരു നല്ല ഫലം ഉണ്ടാക്കിയെടുക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
റഷ്യയിൽ നിന്ന് തുടർച്ചയായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ചുമത്തുകയും, പിന്നീട് അത് 50 ശതമാനമായി ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് മഹീന്ദ്രയുടെ ഈ പ്രതികരണം.
നീതിരഹിതവും ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമായ ഈ നീക്കം ടെക്സ്റ്റൈൽസ്, മറൈൻ, ലെതർ കയറ്റുമതി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതോടെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കും ബ്രസീലിനും യുഎസിൽ ഏറ്റവും ഉയർന്ന 50 ശതമാനം താരിഫ് നേരിടേണ്ടി വരും. പുതിയ ആഗോള സാഹചര്യത്തെ 1991ലെ സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്.
ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കേണ്ട രണ്ട് പ്രധാന നടപടികൾ അദ്ദേഹം നിർദ്ദേശിച്ചു. വ്യാപാരം എളുപ്പമാക്കുന്നതിൽ സമൂലമായ മാറ്റം വേണം. നിക്ഷേപകർക്ക് എല്ലാ അനുമതികളും ഒറ്റ പോർട്ടലിലൂടെ നൽകുന്ന ഒരു 'സിംഗിൾ-വിൻഡോ ക്ലിയറൻസ്' സംവിധാനം ഇന്ത്യ നടപ്പാക്കണം. നിക്ഷേപങ്ങൾക്ക് വേഗത, ലാളിത്യം, പ്രവചനാത്മകത എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞാൽ, ആഗോള മൂലധനത്തിന് ഇന്ത്യയെ ഒഴിവാക്കാനാവാത്ത ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റാം.
ടൂറിസത്തിത്തിന്‍റെ സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ് രണ്ടാമത്തെ നിർദേശം. വിദേശനാണ്യം നേടാനുള്ള പ്രധാന മാർഗ്ഗമായി ടൂറിസത്തെ വളർത്തണം. വിസ നടപടികൾ വേഗത്തിലാക്കുകയും വിനോദസഞ്ചാരികൾക്ക് സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്ന ടൂറിസം ഇടനാഴികൾ സ്ഥാപിക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇതുകൂടാതെ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുക, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (PLI) പദ്ധതികൾ വിപുലീകരിക്കുക, ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുക എന്നിവയും അദ്ദേഹം നിർദ്ദേശിച്ചു.
സ്വന്തം രാജ്യത്തിന് മുൻഗണന നൽകുന്നതിന് മറ്റുള്ളവരെ കുറ്റം പറയാൻ കഴിയില്ല. എന്നാൽ, നമ്മുടെ രാജ്യത്തെ എന്നത്തേക്കാളും മികച്ചതാക്കാൻ നമ്മൾ സ്വയം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കുറിച്ചു. യൂറോപ്യൻ യൂണിയനും കാനഡയും ട്രംപിന്‍റെ താരിഫ് നയങ്ങളോട് എങ്ങനെ പ്രതികരിച്ചെന്നുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയൻ തങ്ങളുടെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കുകയും, ജർമ്മനി സാമ്പത്തിക നയങ്ങളിൽ അയവ് വരുത്തുകയും ചെയ്തു. ഇത് യൂറോപ്പിലെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയൊരു ഉത്തേജകമായി മാറിയേക്കാമെന്ന് മഹീന്ദ്ര അഭിപ്രായപ്പെട്ടു. അതുപോലെ കാനഡ, വിവിധ പ്രവിശ്യകൾക്കിടയിലുള്ള വ്യാപാര തടസങ്ങൾ നീക്കി ഒരു പൊതുവിപണിയായി മാറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം യൂറോപ്യൻ യൂണിയനും കാനഡയും പലതവണ താരിഫ് ആക്രമണങ്ങൾക്ക് വിധേയരായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ ഒരു വ്യാപാര കരാറിൽ എത്തിച്ചേർന്നിരുന്നു. കാനഡയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്കുള്ള താരിഫ് ട്രംപ് 35 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്.