
ദില്ലി: പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുപരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത നേതാവായിരുന്നു തൻ്റെ പിതാവെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു സച്ചിന്റെ പരാമർശങ്ങൾ. എന്നാൽ പുതിയ പാർട്ടി പ്രഖ്യാപനങ്ങളോ നിർണ്ണായക തീരുമാനങ്ങളോ പരിപാടിയിൽ പ്രഖ്യാപിച്ചില്ല. 11ന് സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
ജനങ്ങളാണ് തൻ്റെ കരുത്ത്. ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറൻസി. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
അതിനിടെ, രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി മുതലെടുക്കാനുള്ള നീക്കവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനെ നിരീക്ഷിച്ചു വരികയാണ് ബിജെപി. കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശ പ്രകാരം വസുന്ധര രാജെയാണ് സച്ചിന്റെ നീക്കങ്ങൾ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് വസുന്ധരെ രാജെയുമായി അമിത് ഷാ സംസാരിച്ചതായാണ് വിവരം. കോൺഗ്രസിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള അരുൺ സിംഗിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി; മുതലെടുക്കാൻ അമിത് ഷാ, സച്ചിനെ നിരീക്ഷിക്കാൻ വസുന്ധര രാജെ
എന്നാൽ കോൺഗ്രസ് വിടാനൊരുങ്ങുന്ന സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞിരുന്നു. സച്ചിൻ പാർട്ടി വിടില്ലെന്ന് കെസി വേണുഗോപാലും ആവർത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam