
ദില്ലി: ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകൾ. ഈ ഭാഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാലത്തിന് തകരാറുണ്ടായത്. ഗുരുഗ്രാമിന് 100 കിലോമീറ്റർ അകലെയുള്ള നുഹ് വില്ലേജിലെ മഹുനിൽ നിർമിച്ച പാലത്തിനാണ് വിള്ളലും ചെറിയ ഭാഗം കോൺക്രീറ്റും അടർന്നുവീണു. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു.
21 അടി നീളമുള്ള പാലത്തിന്റെ ചെറിയ ഭാഗത്ത് മാത്രമാണ് പ്രശ്നങ്ങളെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഫിറോസ്പുർ ജിർഖ-പിനങ്ങ്വാൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. സമീപകാലത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞതെന്ന് ആരോപണമുയർന്നു. തകർന്ന ഭാഗത്തെ സാമ്പിൾ പരിശോധനക്കെടുത്തെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ സോഹ്ന-ദൗസ സ്ട്രെച്ചർ ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
12150 കോടി ചെലവിൽ 246 കിലോമീറ്റർ ഹൈ സ്പീഡ് കോറിഡോറാണ് ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ച്. ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം പുരോഗമിക്കുകയാണ്. 1386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേക്ക് 98000 കോടി രൂപയാണ് ചെലവ്. പദ്ധതി പൂർത്തിയായാൽ ദില്ലി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ 24 മണിക്കൂറാണ് ഇരുനഗരങ്ങൾക്കിടയിലെ യാത്രാ സമയം. ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam