
ലഖ്നൗ: അധികൃതരുടെ അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകൾ നടത്തരുതെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) നിർദേശം. ഈദ് ഉത്സവവും അക്ഷയ തൃതീയയും അടുത്ത മാസം ഒരേ ദിവസം വരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രമസമാധാന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശിൽ മുൻകരുതൽ സ്വീകരിക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ മതപരമായ പ്രത്യയശാസ്ത്രമനുസരിച്ച് ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൈക്കുകൾ ഉപയോഗിക്കാമെങ്കിലും ശബ്ദം മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കരുതെന്ന് ഉറപ്പ് വരുത്തണം. നേരത്തെയുള്ളതല്ലാതെ പുതിയ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അനുവാദമില്ലാതെ മതപരമായ ഘോഷയാത്ര നടത്തരുത്. അനുമതി നൽകുന്നതിന് മുമ്പ് സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നത് സംബന്ധിച്ച് സംഘാടകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണം. പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂ. പുതിയ പരിപാടികൾക്ക് അനാവശ്യ അനുമതി നൽകരുതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ദില്ലി, മധ്യപ്രദേശ്, കര്‍ണാടക ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങില്‍ മതാചാരവുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ക്കിടെ സംഘര്‍ഷം ഉണ്ടായിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരുടെുയം മറ്റ് ഉദ്യോസ്ഥരുടെയും അവധികള്‍ മെയ് നാല് വരെ സർക്കാർ റദ്ദാക്കി. നിലവില്‍ അവധിയിലുള്ളവരോട് 24 മണിക്കുറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട് . ഒപ്പം മതനേതാക്കളോട് ചർച്ചകള്‍ നടത്തണമെന്നും പൊലീസിന് നിര്‍ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam