അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാരെങ്കിൽ ശിക്ഷിക്കപ്പെടണം: പരോക്ഷ പ്രതികരണവുമായി മമത ബാനർജി

By Web TeamFirst Published Jul 25, 2022, 5:44 PM IST
Highlights

അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വറിലേക്ക് എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ തന്റെ മന്ത്രിസഭയിലെ അംഗം പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല. 

അധ്യാപക നിയമന അഴിമതി കേസില്‍(corruption case) അറസ്റ്റിലായ(arrest) പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ (partha chatterji)ചികിൽസക്കായി ഭുവനേശ്വറിലേക്ക് എയിംസിലേക്ക്(aiims) മാറ്റിയിരിക്കുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നേതാവായ മന്ത്രിയെ എയിംസിലേക്ക് മാറ്റിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹർജിയിലാണ് നടപടി. പാർത്ഥ ചാറ്റർജിയെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നാണ് കോടതി ഉത്തരവിട്ടത്. അത് അനുസരിച്ചായിരുന്നു കൊണ്ടുപോയത്.

ഇഡി കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായിനെ തുടർന്നാണ് കൊൽക്കത്ത എസ് എസ് കെ എം ആശുപത്രിയിൽ പാർത്ഥയെ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇ ഡി വാദിച്ചു. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കണം. അതേസമയം, അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡ‍ി സംശയിക്കുന്നത്. ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്.

അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റില്‍ മമത ബാനര്‍ജിയുടെ മൗനം കുറ്റസമ്മതമെന്നാണ് ബി ജെ പിയുടെ കുറ്റപ്പെടുത്തൽ. പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ബി ജെ പി സംസ്ഥാന നേതത്വം ആരോപിച്ചു. എന്നാൽ മന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!