
ദില്ലി: ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിന്റെ അറസ്റ്റ് അന്യായമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ഗീതാഞ്ജലി അംഗ്മോ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്റ്റ് ഉത്തരവ് ഇതുവരെ കുടുംബത്തിന് നൽകിയിട്ടില്ലെന്നും, ജയിലിൽ പോയി അദ്ദേഹത്തെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. അറസ്റ്റ് തീർത്തും അന്യായവും ജനാധിപത്യവിരുദ്ധവുമാണ്. അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും ഗീതാഞ്ജലി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
വാങ്ചുക്കിനെതിരെ പോലീസ് ചുമത്തിയ 'പാക് ബന്ധം' എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഗീതാഞ്ജലി അംഗ്മോ ചൂണ്ടിക്കാട്ടി. വാങ്ചുക്ക് പാകിസ്ഥാൻ സന്ദർശിച്ചത് ഏതെങ്കിലും വിധത്തിലുള്ള രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കോ രഹസ്യ പ്രവർത്തനങ്ങൾക്കോ വേണ്ടിയല്ല. ഐക്യരാഷ്ട്രസഭയുടെ ഒരു കാലാവസ്ഥാ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം പാകിസ്ഥാൻ സന്ദർശിച്ചത്. ആ പരിപാടിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. അങ്ങനെയുള്ള ഒരാൾക്കെതിരെപാക് ബന്ധം ആരോപിക്കുന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്നും ഗീതാഞ്ജലി വിശദീകരിച്ചു. ലഡാക്കിന്റെ പ്രത്യേക പദവിക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പോരാടുന്നതിന്റെ ഭാഗമായാണ് വാങ്ചുക്കിനെ സർക്കാർ ലക്ഷ്യമിടുന്നതെന്നും, അദ്ദേഹത്തെ എത്രയും വേഗം വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അറസ്റ്റിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുകയാണ്.
നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിയെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും, നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു. സ്റ്റുഡന്‍റ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് എന്ന സ്വന്തം എൻ ജി ഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന്‍ സന്ദര്‍ശിച്ചു, എന്നിവയാണ് സോനം വാങ് ചുക്കിനെതിരെ ചുമത്തിയ കുറ്റങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam