
മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്തമഴ ഉള്ളി വിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. 80 ശതമാനത്തിലധികം ഉള്ളി കൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളി ക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുവെങ്കിലും കർഷകര്‍ തയ്യാറല്ലെന്നതും വെല്ലുവിളിയാണ്. ഉള്ളിക്ക് വില കൂടുമ്പോഴും അതിന്‍റെ മെച്ചം കിട്ടാത്തതാണ് കർഷകരുടെ രോഷത്തിന്‍റെ കാരണം. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു ഉള്ളിക്ക്. ഇപ്പോള്‍ നല്ലതിന് 900 വരെയാണ് കിട്ടുന്നതെന്ന് കർഷകർ പറയുന്നു. കിലോയ്ക്ക് എട്ട് രുപ വില കിട്ടിയാൽ ഞങ്ങള്‍ എങ്ങനെ കൃഷിയിറക്കുമെന്ന് ചോദിച്ച അവർ, ഈ കൃഷി മൊത്തത്തിൽ നഷ്ടമാണെന്നും കൂട്ടിച്ചേർത്തു. കൃഷിയിറക്കാനുള്ള ചിലവ് കൂടുതലാണ് അത്രക്ക് മുടക്കാന്‍ കയ്യില്‍ കാശില്ലെന്നും അവർ വിവരിച്ചു. വിളവ് കുറയുമ്പോള്‍ സാധാരണയായി വില കൂടാറുള്ളതാണ്. പക്ഷെ ഇത്തവണ അതില്ല. വില്ലനായത് തുടർച്ചയായി പെയ്ത മഴയാണെന്നും കർഷകർ വ്യക്തമാക്കി.
കേരളമടക്കമുള്ള സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്ന നാസിക്കില്‍ നിന്നാണ്. ഇവിടെ മാത്രം അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഉള്ളി കൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. രണ്ട് ലക്ഷത്തിലധികം കർഷകരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇറക്കിയ കൃഷിയില്‍ 80 ശതമാനത്തിലധികം നശിച്ചു. ഭാവിയില്‍ ഉള്ളിക്ഷാമമുണ്ടാകുമെന്ന് കർഷകർ ഉറപ്പിച്ചു പറയുന്നു. ഇത് മഹാരാഷ്ട്രയെ മാത്രമല്ല കേരളമടക്കമുള്ള പല സംസ്ഥാനങ്ങളെയും ബാധിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്നാവശ്യപ്പെടുന്നുണ്ട് മഹാരാഷ്ട്ര സർക്കാര്‍. പക്ഷേ കണക്കുകള്‍ നിരത്തി പ്രതിരോധിക്കുകയാണ് കർഷകർ. ഈ പ്രതിസന്ധി രാജ്യത്താകെ ഉള്ളിക്ക് വലിയ വിലക്കയറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വെളിച്ചെണ്ണക്ക് തന്നെ വില കൂടിയതോടെ വിഷമത്തിലായ മലയാളികളുടെ അടുക്കളയെ ഉള്ളി വിലക്കയറ്റം ഗുരുതരമായി ബാധിക്കും.
സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29 ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്. അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്. ജയ അരി, കുറുവ അരി, മട്ട അരി എന്നിവയെല്ലാം കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. പൊതുവിപണയിൽ 466 രൂപ 38 പൈസ വിലയുള്ള വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്.