'വിമാനം പറത്താൻ യോഗ്യനല്ല, പോയി ചെരുപ്പ് തുന്നിക്കോ'; ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥർ അധിക്ഷേപിച്ചെന്ന് പൈലറ്റ്

Published : Jun 24, 2025, 02:39 PM ISTUpdated : Jun 24, 2025, 02:45 PM IST
An IndiGo aircraft (ANI File Photo)

Synopsis

ഇൻഡിഗോ എയർലൈൻസിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ജാതി അധിക്ഷേപം നടത്തിയെന്ന് പൈലറ്റിന്‍റെ പരാതി. ഇൻഡിഗോ ആരോപണങ്ങൾ നിഷേധിച്ചു.

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ജാതി അധിക്ഷേപം നടത്തിയെന്ന് പൈലറ്റിന്‍റെ പരാതി. ആദ്യം കർണാടകയിൽ രജിസ്റ്റർ ചെയ്ത പരാതി, കഴിഞ്ഞ ഞായറാഴ്ച ഗുഡ്ഗാവിലെ ഡിഎൽഎഫ് -1 പൊലീസ് സ്റ്റേഷനിലേക്ക് ഔദ്യോഗികമായി കൈമാറി. ഭീഷണിപ്പെടുത്തൽ, എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അധിക്ഷേപം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഏപ്രിലിൽ ഗുഡ്ഗാവിലെ സെക്ടർ 24 ലെ എമാർ ക്യാപിറ്റൽ ടവർ 2 ലെ ഇൻഡിഗോയുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് 35കാരനായ പൈലറ്റ് നൽകിയ പരാതിയിൽ പറയുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അവഹേളിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരൻ പറയുന്നു- "നീ വിമാനം പറത്താൻ യോഗ്യനല്ല, തിരികെ പോയി ചെരിപ്പുകൾ തുന്നുക, ഇവിടെ വാച്ച് മാൻ ആകാൻ പോലും അർഹതയില്ല" എന്നിങ്ങനെയുള്ള പരാമർശങ്ങൾ ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയെന്നും പരാതിയിൽ പറയുന്നു. തപസ് ഡേ, മനീഷ് സഹാനി, രാഹുൽ പാട്ടീൽ എന്നിവരുടെ പേര് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

ഇൻഡിഗോയിൽ വിവേചനപരമായ പെരുമാറ്റവും ജാതിയുടെ പേരിൽ പീഡനവും നടക്കുന്നുണ്ടെന്ന് ജീവനക്കാരൻ പറയുന്നു- "എന്റെ ജാതി കാരണം ഞാൻ തുടർച്ചയായി മാനസിക പീഡനം നേരിടുന്നു. തുടർച്ചയായ വിവേചനം കാരണം എന്റെ മാനസികാരോഗ്യവും ജോലി സുരക്ഷയും ആശങ്കയിലാണ്".

പരാതി ആദ്യം ഇൻഡിഗോയുടെ സിഇഒയുടെയും എത്തിക്സ് കമ്മിറ്റിയുടെയും മുമ്പാകെ എത്തിയിരുന്നു. എന്നാൽ അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ജീവനക്കാരൻ വ്യക്തമാക്കി. പ്രതികൾക്ക് ക്ഷമാപണം നടത്താൻ ഏഴ് ദിവസത്തെ സമയം നൽകിയെങ്കിലും അവർ അത് ചെയ്തില്ല. തുടർന്നാണ് ജീവനക്കാരൻ പൊലീസിൽ പരാതി നൽകിയത്.

എന്നാൽ ഇൻഡിഗോ ജീവനക്കാരന്‍റെ ആരോപണങ്ങൾ നിഷേധിച്ചു. ഏതെങ്കിലും തരത്തിലുള്ള വിവേചനം, പീഡനം അല്ലെങ്കിൽ പക്ഷപാതം എന്നിവയോട് ഇൻഡിഗോ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാറുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ ഒരു തൊഴിലിടമാണിത്. അടിസ്ഥാനരഹിതമായ വാദങ്ങളെ ശക്തമായി നിരാകരിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

അന്വേഷണം തുടരുകയാണെന്ന് ഡിഎൽഎഫ്-1 സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ രാജേഷ് കുമാർ പറഞ്ഞു. എന്നാൽ ഇതുവരെ മൊഴിയെടുക്കാൻ ആരെയും വിളിപ്പിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്