'ബിജെപിക്കൊപ്പം നിന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ല'സച്ചിന്‍പൈലറ്റിനെതിരെ ഗെലോട്ട് പക്ഷം

By Web TeamFirst Published Sep 25, 2022, 2:47 PM IST
Highlights

രാജസ്ഥാൻ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭകക്ഷിയോഗത്തിനു മുന്നോടിയായി ഗലോട്ട് പക്ഷത്തെ എം എൽഎമാർ യോഗം ചേര്‍ന്നു.സച്ചിൻ പൈലറ്റിനെതിരെ യോഗത്തില്‍ കടുത്ത  വിമര്‍ശനം
 

ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിയമസഭ കക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. യോഗത്തിന് മുന്നോടിയായി ചേര്‍ന്ന ഗെലോട്ട് പക്ഷത്തെ എംഎല്‍ എമാരുടെ യോഗത്തില്‍ സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു.2 വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തില്‍ വ്യക്തമാക്കി.ഇതോടെ ഇന്ന് വൈകിട്ട് ചേരുന്ന യോഗം നിര്‍ണായകമായി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാകും യോഗം ആരംഭിക്കുക. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ നമിയമസഭാ കക്ഷി യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് യോഗം ചേര്‍ന്നിരുന്നു. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്  മത്സരിക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ തന്റെ പിൻഗാമിയെ സോണിയാ ഗാന്ധിയും അജയ് മാക്കനും തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു. 

സച്ചിൻ പൈലറ്റിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേൾക്കുന്നത് നിയമസഭാ സ്പീക്കര്‍ സി പി ജോഷിയുടെ പേരാണ്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനാണ് ജോഷി. 2008 ൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് പരാജയപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പൈലറ്റ് നേരിട്ടെത്തി ജോഷിയെ കണ്ടിരുന്നു. മറ്റ് എംഎൽഎമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്പീക്കറുമായുള്ള കൂടിക്കാഴ്ച.

ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെഹ്ലോട്ടിന് താത്പര്യമെങ്കിലും പൈലറ്റ് മുഖ്യമന്ത്രിയാകുന്നതാണ് ഗാന്ധി കുടുംബത്തിന് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകൾ. മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താനുള്ള ചരടുവലികൾ സച്ചിൻ പൈലറ്റ് തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കൊപ്പം ഭാരപത് ജോഡോ യാത്രയിലും സച്ചിൻ പൈലറ്റ് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. എന്ത് തന്നെ ആയാലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ ഗെഹ്ലോട്ടിനെ പിണക്കാതെയുള്ള തീരുമാനമായിരിക്കും ഗാന്ധി കുടുംബം എടുക്കുക എന്നാണ് വിലയിരുത്തൽ. 

Read More : രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; തിരക്കിട്ട നീക്കവുമായി സച്ചിന്‍ പൈലറ്റ്

click me!