
ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോദരനും എം പിയുമായ ഡി കെ സുരേഷ്. വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഡി കെ സുരേഷ് രാമനഗരയിൽ നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സുരേഷിന്റെ പരാമർശം.
ഡി കെ സുരേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.
എങ്ങനെയാണ് ഞാനുമായി ചർച്ച ചെയ്യാത്ത ഒരു വിഷയത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയുക. എനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. കഴിഞ്ഞ 20 വർഷത്തോളമായി നിരവധി ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുത്ത് എനിക്ക് മടുത്തു. എനിക്ക് ഖജനാവിന്റെ പണം കളയാൻ താൽപ്പര്യമില്ല- ഡി കെ സുരേഷ് പറഞ്ഞു. ഞാൻ മത്സരിക്കാൻ തയ്യാറല്ല. ഞാനിനി അങ്ങനെ തെരഞ്ഞെടുക്കുകയാണെങ്കിൽ എന്ന് മൂന്നു തവണ ലോക്സഭയിലേക്ക് അയച്ച മണ്ഡലത്തിലെ ജനങ്ങളോട് ചോദിച്ച് സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ മത്സരിക്കൂ എന്നും ഡി കെ സുരേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഡി കെ സുരേഷ് രാമനഗരയിൽ നിന്നും മത്സരിക്കുമെന്ന സൂചന ശിവകുമാർ നൽകിയിരുന്നു. എന്നാൽ അത് പാർട്ടിയിൽ നിന്നും ലഭിച്ചതാണെന്നും വിഷയവുമായി ബന്ധപ്പെട്ട് സുരേഷുമായി ചർച്ച നടത്തിയിട്ടില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺഗ്രസും ബിജെപിയും ചെയ്തുവരികയാണ്. സ്ഥാനർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയെന്നും ഹൈക്കമാന്റിന് നൽകിയിരിക്കുകയാണെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു.