
ദില്ലി : ബംഗാളിൽ 15 വർഷത്തെ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ തുടങ്ങിയ ആഭ്യന്തര കലാപം പിളർപ്പിലേക്ക്. വിമതരായ എംപിമാർ ഇന്ന് ദില്ലിയിൽ യോഗം ചേരും. കരുനീക്കങ്ങൾ നടത്തി വിമതരെ ഏകോപിപ്പിക്കുന്ന ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും വിമതരെ ഒരുമിച്ച് കാണും. യഥാർത്ഥ ടിഎംസി തങ്ങളാണെ ന്നവകാശപ്പെട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകാനുള്ള നീക്കങ്ങളാണ് ബിജെപി പിന്തുണയോടെ വിമതർ നടത്തുന്നത്.
പശ്ചിമ ബംഗാൾ നിയമസഭയിൽ 58 വിമത ടി.എം.സി എം.എൽ.എമാർ ചേർന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയിൽ ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് എന്നതാണ് വിമതരുടെ നീക്കം. മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് പാർട്ടി അധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ നീക്കങ്ങളാണ് ടിഎംസിയുടെ പിളർപ്പിലേക്കെത്തിയത്.
അതിനിടെ, പാർട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് മമത ബാനർജി ടിഎംസി പുനഃസംഘടിപ്പിച്ചു. ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി വിട്ട വിമതരെ പദവികളിൽ നിന്നും ഒഴിവാക്കി. സായോനി ഘോഷിനെയും സുദീപ് ബന്ദേോപാധ്യായയും ചുമതകളിൽ നിന്ന് നീക്കി. മഹുവ മൊയ്ത്ര, ബിമൻ ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ സൂം വഴി വിർച്വലായി ഈ യോഗത്തിൽ പങ്കെടുത്തു.
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണിയാണുണ്ടായത്. പാർട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. യുവനേതാവ് അർണബ് ബാനർജിയെ സംസ്ഥാന തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. കൂടാതെ ന്യൂനപക്ഷ സെൽ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് (വനിതാ വിഭാഗം) പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam