പെൺഭ്രൂണഹത്യ? 16 ഇടത്ത് ആറ് മാസത്തിനിടെ പിറന്നത് ആൺകുട്ടികൾ മാത്രം

By Web TeamFirst Published Jul 22, 2019, 10:25 PM IST
Highlights

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്‌ടറോട് ആവശ്യപ്പെട്ടു

ഉത്തരകാശി: രാജ്യത്ത് ഇപ്പോഴും പെൺഭ്രൂണഹത്യ നടക്കുന്നുവെന്നതിന്റെ സൂചനകൾ നൽകുന്ന കണക്കുകൾ പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ 16 ഇടങ്ങളിൽ ആറ് മാസത്തിനിടെ പിറന്നത് ആൺകുട്ടികൾ മാത്രമാണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.

പെൺഭ്രൂണഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉത്തരവിട്ടു.

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ബേട്ടി ബചാവോ ബേട്ടി പഠാവോയ്ക്ക് നേർവിപരീതമാണ് പെൺ ഭ്രൂണഹത്യ. നിയമവിരുദ്ധമായി ലിംഗനിർണ്ണയം നടത്തി ഗർഭാവസ്ഥയിൽ തന്നെ ഭ്രൂണത്തെ നശിപ്പിക്കുന്നുവെന്നാണ് സംശയം.

ഉത്തർകാശി ജില്ലയിലെ ബട്ട്‌വാരി, ദുണ്ട, ചിന്ന്യാലിസോർ ബ്ലോക്കുകളിലാണ് ആറ് മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും ജനിക്കാത്തത്.

ഇവിടെ ഈ കാലയളവിൽ 65 ആൺകുട്ടികളാണ് ജനിച്ചത്. മറ്റ് 66 ഗ്രാമങ്ങളിൽ ജനിച്ച പെൺകുട്ടികളുടെ എണ്ണവും ആൺകുട്ടികളുടെ എണ്ണത്തിനെ അപേക്ഷിച്ച് വളരെ കുറവാണ്.

ഈ 82 ഗ്രാമങ്ങളെയും റെഡ് സോണായി പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ സർവേ നടത്തി വിശദമായ അന്വേഷണം നടത്താനാണ് നീക്കം. സർക്കാർ ആശുപത്രികളിലും ഗർഭിണിയാണെന്ന് കണ്ടെത്തിയ മുഴുവൻ പേരുടെയും വിശദാംശങ്ങൾ ശേഖരിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.

എന്നാൽ ജില്ലയിലെ സ്ത്രീപുരുഷ അനുപാതം കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇവിടെ കഴിഞ്ഞ കാലത്തിന് വിപരീതമായി ആകെ ജനിച്ച 935 കുട്ടികളിൽ 439 പെൺകുഞ്ഞുങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!