എസ്പിയുമായി സഖ്യം സ്ഥിരമായി ഉപേക്ഷിച്ചിട്ടില്ല; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

By Web TeamFirst Published Jun 4, 2019, 12:46 PM IST
Highlights

ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ തീരുമാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലഖ്നൗ: സമാജ് വാദി (എസ്പി) പാര്‍ട്ടിയുമായുള്ള മഹാസഖ്യം സ്ഥിരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്ന് എസ്പി നേതാവ് മായാവതി. 11 സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പറഞ്ഞത്. സ്ഥിരമായി സഖ്യം ഉപേക്ഷിക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയപരമായ നിര്‍ബന്ധിതാവസ്ഥയെ അവഗണിക്കാന്‍ കഴിയില്ല. സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുബാങ്കായ യാദവര്‍ ഇത്തവണ എസ്പിയെ പിന്തുണച്ചില്ലെന്നും മായാവതി പറഞ്ഞു.

അഖിലേഷുമായി രാഷ്ട്രീയ ബന്ധം മാത്രമല്ല. അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും എനിക്ക് നല്ല ബഹുമാനം നല്‍കി. രാജ്യതാല്‍പര്യത്തിനും അവരുടെ ബഹുമാനത്തിനും മുന്നില്‍ മറ്റെല്ലാം ഞാന്‍ മറന്നു. ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തിനതീതമായി എക്കാലവും തുടരുമെന്നും വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് മായാവതി പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ തീരുമാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിയില്‍ മഹാസഖ്യം രൂപീകരിച്ചതുകൊണ്ട് നേട്ടമായില്ലെന്നാണ് ബിഎസ്പിയുടെ വിലയിരുത്തല്‍. 50 സീറ്റിന് മുകളിലായിരുന്നു സഖ്യം പ്രതീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ 15 സീറ്റിലൊതുങ്ങി. ബിഎസ്പി 10 സീറ്റും എസ്പി അഞ്ച് സീറ്റുമാണ് നേടിയത്. യാദവ വോട്ടുകള്‍ ബിഎസ്പിക്ക് ഉറപ്പിക്കാനായില്ലെന്നാണ് മായാവതിയുടെ വിമര്‍ശനം. കുടുംബാംഗങ്ങളെപ്പോലും ജയിപ്പിക്കാന്‍ അഖിലേഷിന് കഴിഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, മായാവതിയുടെ പ്രസ്താവനയോട് എസ്പി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിഎസ്പിയുമായുള്ള സഖ്യത്തെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ് എതിര്‍ത്തിരുന്നെങ്കിലും അഖിലേഷ് യാദലിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി സഖ്യത്തിന് സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് മുലായവും മായാവതിയും വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേദി പങ്കിട്ടു.

click me!