
ശ്രീനഗര്‍: കശ്മീരികള്‍ക്ക് വേണ്ടത് ഫോണ്‍ സേവനങ്ങളല്ലെന്നും അവരുടെ ജീവനാണ് പ്രധാനപ്പെട്ടതെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരില്‍ പോസ്റ്റ്‍പെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുന:സ്ഥാപിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രസ്താവന. ഫോണുകള്‍ ഉപയോഗിക്കുന്നത് തീവ്രവാദികളാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിഫോണല്ല പ്രധാനപ്പെട്ടത്. കശ്മീരികളുടെ ജീവനാണ് അതിലേറെ പ്രാധാന്യമുള്ളത്. ഇതിന് മുമ്പും ജനങ്ങള്‍ ടെലിഫോണ്‍ ഉപയോഗിക്കാതെ ജീവിച്ചിട്ടുണ്ടെന്നും തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള മാര്‍ഗമായാണ് ടെലിഫോണുകള്‍ ഉപയോഗിക്കുന്നതെന്നും സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു.
രണ്ടു മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് ജമ്മു കശ്മീരില്‍ പോസ്റ്റ്‍പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചത്. 40 ലക്ഷം മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് പുന:സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ പോസ്റ്റ്‍പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയത്. കശ്മീരിലെ 10 ജില്ലകളിലും ഇത് ബാധകമാണ്. ആകെയുള്ള 60 ലക്ഷം മൊബൈല്‍ഫോണ്‍ വരിക്കാരില്‍ 40 ലക്ഷമാണ് പോസ്റ്റ്‍പെയ്ഡ് ഉപയോക്താക്കള്‍.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനാണ് ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വിലക്കിയത്. പിന്നീട് ലാന്‍ഡ് ഫോണ്‍ ബന്ധം ലഭ്യമാക്കിയെങ്കിലും മൊബൈല്‍ഫോണ്‍, ഇന്‍റര്‍നെറ്റ് വിലക്കുകള്‍ തുടരുകയായിരുന്നു. ഇന്‍റര്‍നെറ്റ് സേവനങ്ങളും ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും സത്യപാല്‍ മാലിക് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam