രാജി വയ്ക്കില്ലെന്ന് കുമാരസ്വാമി; കര്‍ണാടകയിൽ അവസാന അടവും പയറ്റി കോൺഗ്രസ്

By Web TeamFirst Published Jul 11, 2019, 12:20 PM IST
Highlights

വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനം എടുക്കാൻ സ്പീക്കറോട് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.

കര്‍ണാടക: കര്‍ണാടക പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ൽ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. 

കോൺഗ്രസ് നേതാക്കളുമായും എംഎൽഎമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. നിയമസഭാ സമ്മേളനം പരമാവധി നീട്ടിവയ്ക്കാനാണ് നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. മാത്രമല്ല സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രകാരം സ്പീക്കറും വിമത എംഎൽഎമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിൽ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും കുമാരസ്വാമി രാജിക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അനുനയ ശ്രമം അവസാന നിമിഷവും തുടരുക എന്നതാണ് കോൺഗ്രസ് നയമെന്ന് തന്നെയാണ് വിവരം. അതിനിടെ മുംബൈയിൽ ഉള്ള എംഎൽഎമാര്‍ ബെംഗലൂരുവിലേക്ക് പോകാനും തീരുമാനം എടുത്തിട്ടുണ്ട്. നേരിട്ട് കാണാതെ നൽകുന്ന രാജിക്കത്ത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രാജി ചട്ടപ്രകാരം അല്ലെന്നുമാണ് ഇതുവരെ സ്പീക്കര്‍ എടുത്ത നിലപാട്. ഏതായാലും സുപ്രീംകോടതി അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിൽ  എംഎൽഎമാരെ കണ്ട് എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും കുമാരസ്വമിയുടേയും കോൺഗ്രസിന്‍റെയും തുടര്‍ നീക്കമെന്നാണ് വിവരം. 

click me!