ഹോംവർക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലി: ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്‌തു

By Web TeamFirst Published Jul 11, 2019, 12:00 PM IST
Highlights

പെൺകുട്ടിയുടെ ശരീരത്തിൽ അടികൊണ്ട ഒന്നിലധികം പാടുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് കുപിതരായ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു

മുംബൈ: ഹോംവർക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈ നെരുൽ പ്രദേശത്തെ താമസക്കാരിയായ ഫ്ലോറിൻ ഗോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.

തിങ്കളാഴ്ച ട്യൂഷന് പോയപ്പോഴാണ് സംഭവം. ഫ്ലോറിൻ ഗോമസ് ഏൽപ്പിച്ച ഹോംവർക് പൂർണ്ണമായും ചെയ്യാൻ വിദ്യാർത്ഥിനിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ പേരിലായിരുന്നു തല്ല് കിട്ടിയത്. വൈകിട്ട് ആറ് മണിക്ക് ട്യൂഷന് പോയ പെൺകുട്ടി എട്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളോട് അടി കൊണ്ട കാര്യം പറഞ്ഞു.

പെൺകുട്ടിയുടെ ശരീരത്തിൽ അടികൊണ്ട ഒന്നിലധികം പാടുകൾ ഉണ്ടായിരുന്നു. കുപിതരായ മാതാപിതാക്കൾ സംഭവം പൊലീസിൽ അറിയിച്ചു.

നാലാം ക്ലാസിൽ പഠിക്കുന്ന 15 ഓളം കുട്ടികളെ ഗോമസ് പഠിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് തന്റെ വീട്ടിൽ നിന്നും ഗോമസിനെ അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമം 23ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. ഗോമസിനെ ജയിലിലേക്ക് അയക്കുമെന്നാണ് കരുതിയതെന്ന് പെൺകുട്ടിയുടെ അമ്മ സംഭവത്തോട് പ്രതികരിച്ചു.

click me!