വാക്സിൻ കയറ്റുമതി ചെയ്യേണ്ട എന്നല്ല, പക്ഷേ ആദ്യം ഇന്ത്യക്കാർക്ക് ലഭിക്കണമെന്ന് അമരീന്ദർ സിം​ഗ്

By Web TeamFirst Published Apr 18, 2021, 9:32 AM IST
Highlights

വാക്സിൻ വിതരണത്തിൽ കേന്ദ്രം സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് അമരീന്ദർ സിം​ഗ്...

ദില്ലി: രാജ്യം കടുത്ത വാക്സിൻ ക്ഷാമം നേരിടുകയും കൊവിഡ് രോ​ഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണവും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുകയും വാക്സിൻ ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ്, കൊവാക്സിൻ എന്നീ പ്രതിരോധ മരുന്നുകൾ വിദേശത്തേക്ക് കയറ്റി അയക്കുകയാണ്. എന്നാൽ കേന്ദ്രം സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് അമരീന്ദർ സിം​ഗ് പറഞ്ഞു. 

മറ്റ് രാജ്യത്തെ ജനങ്ങൾക്ക് അഞ്ച് കോടി വാക്സിൻ വിതരണം ചെയ്തതിലെ ന്യായം എന്താണ്. ? ഞങ്ങൾക്കുള്ളതെവിടെ ? ഇന്ത്യക്കാർക്ക് എവിടെ ? ‍ഞങ്ങൾക്ക് ആദ്യം കിട്ടേണ്ടതല്ലേ? നമുക്ക് ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊടുക്കരുതെന്ന് അല്ല ഞാൻ പറയുന്നത്. എന്നാൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ പ്രാധാന്യം ഇന്ത്യക്കാർക്കാകാണം. - അമരീന്ദർ സിം​ഗ് പറഞ്ഞു. 

കാര്യങ്ങൾ തീരുമാനിക്കാനുള്ള അവസരം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. ദില്ലിയുടെ പ്രശ്നമല്ല, മഹാരാഷ്ട്രയിൽ, മഹാരാഷ്ട്രയുടേതില‍ നിന്ന് വ്യത്യസ്തമാകും കേരളത്തിൽ. ഞങ്ങൾ തീരുമാനിക്കാം എവിടെയാണ് വാക്സിൻ ആവശ്യമെന്ന്  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിലവിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് കൊവിഡ് വാക്സിൻ നൽകാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് പ്രായക്കാർക്കും കൊനവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. 

click me!