
ദില്ലി: ജി20യുടെ അധ്യക്ഷസ്ഥാനത്തിരുന്ന് എല്ലാവരെയും ഉള്‍കൊള്ളിച്ച് കൃത്യമായ ലക്ഷ്യങ്ങളോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. ജി20യുടെ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ടും ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചും ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. സുസ്ഥിര വികസനത്തിനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും ഇന്ത്യ മുന്നോട്ടുവെച്ച നയങ്ങള്‍ തുറന്നുകാണിക്കാനുള്ള വേദിയായി ഉച്ചകോടി.
ജ20 ഉച്ചകോടിയുടെ ഭാഗമായി ഇതുവരെയായി 60 നഗരങ്ങളിലായി 220ലധികം യോഗങ്ങളാണ് നടത്തിയത്. 115 രാജ്യങ്ങളില്‍നിന്നായുള്ള കാല്‍ലക്ഷത്തിലധികം പ്രതിനിധികളും പങ്കെടുത്തു. ആഫ്രിക്കന്‍ യൂനിയനെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വസുധൈവകുടുംബകം ഉച്ചകോടിയുടെ സന്ദേശത്തോട് നീതിപുലര്‍ത്തി. ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തതും ഇത്തവണയാണ്. 43 ലോകനേതാക്കള്‍ പങ്കെടുത്ത ഏറ്റവും വലിയ ജി20 ഉച്ചകോടിയാണ് ദില്ലിയില്‍ നടന്നത്. അധികമായി 32 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുമെത്തി. ഭക്ഷ്യ സുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്താന്‍ ഡെക്കാന്‍ ഉന്നത തല പ്രമാണം, സമുദ്ര സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചക്കായി ചെന്നൈ ഉന്നത തല പ്രമാണം, ടൂറിസത്തിനായി ഗോവന്‍ പ്രമാണം, ഭൂമി വീണ്ടെടുക്കുന്നതിനായി ഗാന്ധിനഗര്‍ പ്രമാണം, ഇടത്തരം സംരംഭങ്ങള്‍ക്ക് വിവരസാങ്കേതിക വിദ്യയുടെ സഹായം കൂടുതല്‍ ഉറപ്പാക്കുന്നതിനായി ജയ്പൂര്‍ പ്രമാണം, ജി20യിലേക്ക് ആഫ്രിക്കന്‍ യൂനിയനെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തികൊണ്ടുള്ള ദില്ലിയിലെ ഉച്ചകോടി തുടങ്ങിയ സുപ്രധാന നേട്ടങ്ങളാണ് ഇന്ത്യക്ക് ജി20 അധ്യക്ഷ സ്ഥാനത്തിലൂടെ കൈവരിക്കാനായത്.
പലവിഷയങ്ങളിലായി വിയോജിച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ക്കിടയിലേക്ക് ജി20യിലൂടെ ഏകതയുടെ സന്ദേശവുമായി സുസ്ഥിര വികസനത്തിനും ഭക്ഷ്യ സുരക്ഷക്കായും മറ്റു വളര്‍ച്ചക്കായും ഇന്ത്യ നേതൃത്വപരമായ പങ്കുവഹിച്ചു. ഭാവി തലമുറക്കായി പരിസ്ഥിതി സംരക്ഷണത്തിനും മറ്റുമായുള്ള വികസിത രാജ്യങ്ങളുടെ ഫണ്ട് ഉള്‍പ്പെടെ ഫലപ്രദമായി ഉപയോഗപ്പെടുത്തി സുസ്ഥിര വികസന വളര്‍ച്ച ലക്ഷ്യമിടുന്ന നയം, വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികളുടെയും തൊഴില്‍ മേഖലയിലും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന നയം, സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഭരണം കൂടുതല്‍ സുതാര്യമാക്കല്‍, ഡിജിറ്റല്‍ സമ്പത്ത് വ്യവസ്ഥയിലൂടെ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കല്‍ തുടങ്ങിയ ഇന്ത്യയുടെ വിവിധ നയങ്ങള്‍ ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കാനായി.
ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുക, ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കല്‍, പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ ശ്രോതസുകളുടെ ഉപയോഗം തുടങ്ങിയ വിവിധ നയങ്ങളും ഇന്ത്യ മുന്നോട്ടുവെച്ചു. ഇതുവരെയുള്ള ജി20 അധ്യക്ഷന്‍മാരില്‍നിന്ന് വ്യത്യസ്തമായി നയങ്ങള്‍കൊണ്ടും തീരുമാനങ്ങള്‍കൊണ്ടും ഇന്ത്യയുടെ അധ്യക്ഷ സ്ഥാനം ഏറെ ക്രിയാത്മകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ അധ്യക്ഷ സ്ഥാനത്തിരിക്കെ 112 രേഖകളാണ് നയരൂപവത്കരണത്തിന്‍റെ ഭാഗമായി തയ്യാറാക്കിയത്.