
ദില്ലി: ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇസ്രായേൽ ഡെപ്യൂട്ടി അംബാസിഡർ റോണി യെഡിഡിയ ക്ലീൻ. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സൗമ്യയുടെ കുടുംബത്തെ സഹായിക്കുമെന്നും അവർ പറഞ്ഞു. ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു.
ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടു. ഇത് സംഭവിക്കുമ്പോൾ അവൾ ഭർത്താവുമായി സംസാരിക്കുകയായിരുന്നു. ഇത് ഭർത്താവിനെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അദ്ദേഹത്തിന്റെ സങ്കടാവസ്ഥയിൽ എനിക്ക് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അവർ പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
നിലവിലെ പദ്ധതി പ്രകാരം സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച്ച രാത്രിയിലോ ശനിയാഴ്ച്ചയോ നാട്ടിലെത്തിക്കാനാകുമെന്നും ദില്ലിയിൽ കൊണ്ടുവന്നതിന് ശേഷം കേരളത്തിലേക്ക് കൊണ്ടു പോകുമെന്നും റോണി യെഡിഡിയ അറിയിച്ചു. അതേസമയം സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു. എംബസി സ്വീകരിക്കേണ്ട മറ്റു നടപടികളും പൂർത്തിയാക്കി. ഇസ്രോയേൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാൽ മൃതദേഹം നാട്ടിലേക്ക് അയക്കും. എംബാം നടപടികൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൃതദേഹം നിലവിൽ ടെൽ അവിവിലെ ഫോറൻസിക് ലാബ് ഇൻറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം സംഘർഷങ്ങൾക്ക് പിന്നാലെ ജൂത-അറബ് മേഖലകളിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ആശങ്കയിലാണ്. പല സ്ഥലങ്ങളിലും നിരോധാഞ്ജന പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എംബസി കഴിഞ്ഞ ദിവസം ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാനും സഹായത്തിനായി ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam