'ഗുജറാത്ത് സർക്കാരിൽ വിശ്വാസമില്ല, ഇത്രയും കാലം ഉറങ്ങുകയായിരുന്നോ?' രാജ്കോട്ട് തീപിടിത്ത കേസിൽ ഹൈക്കോടതി

Published : May 27, 2024, 04:38 PM IST
'ഗുജറാത്ത് സർക്കാരിൽ വിശ്വാസമില്ല, ഇത്രയും കാലം ഉറങ്ങുകയായിരുന്നോ?' രാജ്കോട്ട് തീപിടിത്ത കേസിൽ ഹൈക്കോടതി

Synopsis

രണ്ടര വർഷമായി ഒരു സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്നു. ഇത്രയും കാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍ററിന് തീപിടിച്ച് 28 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു. രണ്ടര വർഷമായി ഒരു സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്നു. ഇത്രയും കാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു. 

അപകടം നടന്ന ഗെയിമിംഗ് സെന്‍ററിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർ പോയ ഫോട്ടോ കോടതിയിലെത്തി. ഉദ്യോഗസ്ഥർ ആഘോഷിക്കാൻ പോയതായിരുന്നോ എന്ന് കോടതി ചോദിച്ചു. അഹമ്മദാബാദിലെ വേറെ രണ്ട് ഗെയിമിംഗ് സോണുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീഷ ലുവ് കുമാർ ഷാ കോടതിയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കോതിയെ അറിയിച്ചു.

അതിനിടെ രാജ്കോട്ട് മുനിസിപ്പൽ കോർപറേഷനിലെ ഏഴ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ വിഭാഗത്തിലെ സ്റ്റേഷൻ ഓഫീസർ രോഹിത് വിഗോറയെയും സസ്‌പെൻഡ് ചെയ്തു. ടിആർപി ഗെയിം സെന്റർ സഹ ഉടമ രാഹുൽ റാത്തോഡിനെ അറസ്റ്റ് ചെയ്തു. ഗെയിമിങ് സെന്‍ററിന്‍റെ മറ്റൊരു ഉടമ യുവരാജ്‌സിങ് സോളങ്കിയും മാനേജരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

ഗെയിമിങ് സെന്‍റർ ഫയർ എൻഒസി അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അഗ്നിസുരക്ഷ ഉപകരണങ്ങൾ വാങ്ങിയെന്ന് ബിൽ സമർപ്പിച്ചാണ് അപേക്ഷ നൽകിയത്. ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലനവും ലഭിച്ചിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ താത്കാലിക ഷെഡ് പണിതുവെന്നും കണ്ടെത്തി. 

ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായപ്പോൾ എഴുപതോളം പേർ ഗെയ്മിങ് സെന്ററിൽ ഉണ്ടായിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ കുട്ടികൾ, കുടുംബങ്ങൾ, ഗെയ്മിങ് സെന്ററിലെ ദിവസ വേതനക്കാർ തുടങ്ങിയവരാണ് മരിച്ചത്. മരിച്ചവരിൽ 12 പേർ  കുട്ടികളാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

കാർ റേസിംഗിനായി രണ്ടായിരം ലിറ്ററോളം ഡീസൽ സൂക്ഷിച്ചതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രാജ്‌കോട്ട് എയിംസിലും സിവിൽ ആശുപത്രിയിലും ചികിൽസയിൽ കഴിയുന്നവരെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തരമന്ത്രിയും സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷവും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

രാജ്കോട്ട് ​ഗെയിമിം​ഗ് സെന്റർ തീപിടുത്തം: 6 പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്; 2 പേർ അറസ്റ്റിൽ


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും