
ദില്ലി: ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അക്രമത്തിന് പിന്നിലെ മുസ്ലീം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നൂഹിലെ വർഗീയ കലാപത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഡി ജി പി യുടെ നേതൃത്വത്തിൽ സമിതി വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിലെ ബഹിഷ്കരണ ആഹ്വാനമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹിന്ദു മഹാ പഞ്ചായത്തിലെ ആഹ്വാനത്തിനെതിരെയായിരുന്നു ഹർജി.
ഗുരുഗ്രാമിലെ തിഗ്ര്‍ ഗ്രാമത്തിലാണ് വിവാദമായ മഹാപഞ്ചായത്ത് നടന്നത്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു. നൂഹിന്‍റെ ജില്ലാ പദവി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഗുരുഗ്രാം, ഫരീദബാദ്, പാല്‍വാല്‍, രേവരി എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ജില്ലയാണ് നൂഹെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവശ്യം. കലാപത്തിന്‍റെ പേരില്‍ യുവാക്കളോട് പൊലീസ് നടപടിയെ എതിര്‍ക്കാനും മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരുന്നു.
നൂഹിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.