രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 562 ആയി; മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലും രോഗം പടരുന്നു

By Web TeamFirst Published Mar 25, 2020, 2:08 PM IST
Highlights

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍ സംസ്ഥാനങ്ങളിൽ നിന്നെല്ലാം പുതിയ കേസുകൾ രാവിലെ റിപ്പോര്‍ട്ട് ചെയ്തു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി. ഇന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ‍‍‍‍ലോക് ഡൗണ്‍ നിലനിൽക്കെ അയോധ്യയിൽ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  രാമവിഗ്രഹം മാറ്റിവയ്ക്കുന്ന ചടങ്ങ് നടത്തിയത് വിവാദമായി.

ഇന്നലെ മാത്രം രാജ്യത്തെ 64 പേരിലേക്കാണ് കൊവിഡ് പടര്‍ന്നത്.  മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍ സംസ്ഥാനങ്ങളിൽ നിന്നെല്ലാം പുതിയ കേസുകൾ രാവിലെ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ അൽപം ആശ്വാസമെന്നോണം കൊവിഡ് രോഗം ഭേദമായ 40 പേര്‍ ആശുപത്രി വിട്ടു. ദില്ലിയിൽ ഇന്നലെ മരിച്ച 57 കാരന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് തിരിച്ചെത്തിയ 277 പേരെ ജോധ്പൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കൊവിഡ് രോഗബാധിതരിൽ ആരോഗ്യസ്ഥിതി തീരെ മോശമായവര്‍ക്ക് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ളോറോക്വിൻ നൽകാമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചിരുന്നു. മരുന്നിന്‍റെ ലഭ്യത ഉറപ്പുവരുത്താൻ ഹൈഡ്രോക്സി ക്ളോക്വിൻ്റെ  കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. 

ആവശ്യസാധനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അകറ്റാൻ ദില്ലിയിൽ പ്രത്യേക ഹെൽപ് ലൈൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുട‍ർന്ന്  വരുമാനമില്ലാത്തായവ‍ർക്കും കഷ്ടപ്പെടുന്നവ‍ർക്കും സ‍ർക്കാർ ആവശ്യമായ സഹായം എത്തിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. നിങ്ങളുടെ വീടുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക എന്നത്
ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിൽ ആശങ്ക വേണ്ട - ക്രെജിവാൾ പറയുന്നു.

ലോക് ഡൗണ് ലംഘിച്ച 5146 പേരെ ദില്ലിൽ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1018 വാഹനങ്ങൾ പിടിച്ചെടുത്തു. 2319 പേര്‍ക്ക് കര്‍ഫ്യു പാസ് നൽകിയിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾ ഉപയോഗിക്കുന്നത്  തടയുന്നില്ലെന്നും പൊലീസ് അറിയിച്ചു. അതിനിടെ ദേശീയ തലത്തിൽ ലോക്ഡൗണ്‍ നിലനിൽക്കെയാണ് ഇന്ന് രാവിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാംലല്ല വിഗ്രഹം മാറ്റുന്ന ചടങ്ങ് അയോദ്ധ്യയിൽ നടന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിരവധി സന്യാസിമാര്‍ ചടങ്ങിൽ പങ്കെടുത്തു. കര്‍ഫ്യു
ലംഘിച്ചായിരുന്നു അയോദ്ധ്യയിലെ ചടങ്ങ്.

അതേസമയം തമിഴ്നാട്ടിൽ സമൂഹ വ്യാപനത്തിലൂടെ രോഗം പകർന്നുവെന്ന് സംശയിക്കപ്പെടുന്ന മധുര സ്വദേശി മരിച്ചത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്ന അറുപതിലധികം ആളുകളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ 150 പുതിയ ഐസൊലേഷൻ വാർഡുകൾ കൂടി സജ്ജീകരിച്ചു. 

ഹൃദ്രോ​ഗവും പ്രമേഹവും ഉണ്ടായിരുന്ന 54 കാരന് കൊവിഡ് പകർന്നതോടെ ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നുവെന്നാണ് ഡോക്ട‍മാർ പറയുന്നത്. മധുര രാജാജി ആശുപത്രിയിൽ പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. ഇയാൾ ഇക്കാലയളവിൽ വിദേശ സന്ദർശനം നടത്തിയതായോ വിദേശ ബന്ധമുള്ളവരുമായി ഇടപഴകിയതായോ  സ്ഥരീകരണമില്ല. ടീ ഷോപ്പ് ഉടമയായ ഇയാൾ ഡ്രൈവറായും പ്രവർത്തിച്ചിരുന്നു. മാർച്ച് 9ന് അയൽപക്കത്തെ വീട്ടിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ചടങ്ങിനെത്തിയ അറുപത് പേരെയും നിരീക്ഷണത്തിലാക്കി.

മരണപ്പെട്ട മധുര സ്വദേശിയെ കൂടാതെ ദില്ലിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ യുപി സ്വദേശിക്കും, സെയ്ദാപേട്ട് സ്വദേശിയായ സ്ത്രീക്കും എങ്ങനെ കൊവിഡ് പകർന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല. സമൂഹവ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ  ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്. സംസ്ഥാന അതിർത്തിക്ക് പുറമേ എല്ലാ ജില്ലാ അതിർത്തികളു അടച്ചു. അവശ്യ സർവ്വീസ് ഒഴികെ മറ്റ് വാഹനങ്ങൾ അനുദിക്കുന്നില്ല. സ്വകാര്യ വാഹനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ ചെന്നൈ മലയാളികളെ പൊലീസ് ജില്ലാ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൂടെ രോഗംസ്ഥിരീകരിച്ചതോടെ ആകെ രോഗികകളുടെ എണ്ണം 112ആയി. എട്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. യുദ്ധസമാനമാണ് സാഹചര്യമെന്നും ആളുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

മുംബൈ പൂനെ അടക്കമുള്ള നഗരങ്ങൾക്ക് പിന്നാലെയാണ് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലേക്കും രോഗം പടരുന്നത്. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഒരു കുടുംബത്തിലെ അഞ്ചുപേരും രോഗ ബാധിതരായത്.പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ പോയി വന്നയാൾ കുടുംബത്തിലുണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വിദേശത്ത് നിന്നെത്തിയതിന് പിന്നാലെ കുടുംബം ആകെ നിരീക്ഷണത്തിലായിരുന്നു. 

‌മഹാരാഷ്ട്രക്കാരുടെ പുതുവത്സരമായ ഗുഡിപാദ്‍വയാണ് ഇന്ന്. ചില ക്ഷേത്രങ്ങളിൽ പൂജകൾ നടന്നെങ്കിലും എവിടെയും ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൊവിഡ് രോഗികൾക്ക് മാത്രമായി സജ്ജീകരിച്ച മുംബൈ സെവൻസ് ഹിൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങീ. ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം ഉറപ്പാക്കാൻ മുംബൈ കോർപ്പറേഷൻ സ്വകാര്യ ഹോട്ടലുകളുമായി ധാരണയിലെത്തി. 

നിരോധനാഞ്ജക്കിടെ റോഡിലിറങ്ങിയതിന് ഇന്ന് നൂറിലേറെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മുംബൈയിലെ ചേരിയിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മറ്റാർക്കും രോഗം പകർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശത്രുവിനെ നേരിൽ കാണാനാകാത്ത യുദ്ധമാണിതെന്നും ഇനിയെങ്കിലും ജനങ്ങൾ സ‍ർക്കാരിനെ അനുസരിക്കണമെന്നും ഉദ്ദവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു. അതിനിടെ പൂനെയിലെ ദമ്പതികളടക്കം ഇന്ന് എട്ട് പേർ ആശുപത്രിവാസം അവസാനിപ്പിച്ചത് വീടുകളിലേക്ക് മടങ്ങി.

click me!