രാജ്യത്ത് കൊവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു

By Web TeamFirst Published Feb 19, 2021, 12:09 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13193 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 97 പേർ മരിച്ചതായും ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. 

ദില്ലി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കൊവിഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. ഒരു കോടി ഒരു ലക്ഷത്തി എൺപത്തിയെട്ടായിരത്തി ഏഴ് പേർ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്, കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

അമേരിക്കയും യുകെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. വാക്സിൻ സ്വീകരണത്തിൽ അമേരിക്കയും യുകെയും 60 ദിവസം പൂർത്തിയാക്കിയപ്പോൾ ഇന്ത്യ 32 ദിവസമാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13193 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 97 പേർ മരിച്ചതായും ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. 6234635 ആരോ​ഗ്യപ്രവർത്തകരാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 4,64,932 പേർ രണ്ടാം ഘട്ടം പൂർത്തിയാക്കി. ഒപ്പം ആരോ​ഗ്യരം​ഗത്തെ 3146 മുൻനിര പ്രവർത്തകർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 

ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ  വിദ്യാർത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി. വേൾഡോ മീറ്റർ കണക്ക് പ്രകാരം ഇതുവരെ 156,123 പേരാണ് കൊവിഡ് ബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചത്. 10,667,741 പേർ രോഗമുക്തി നേടി.

click me!