നൂപുര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം; ചര്‍ച്ച നയിച്ച വാര്‍ത്താ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് കോടതി

By Web TeamFirst Published Aug 8, 2022, 3:48 PM IST
Highlights

അറസ്റ്റ് താത്കാലികമായി നിര്‍ത്തിവെക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

ദില്ലി : മുൻ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ ടിവി പരിപാടിയുടെ വാര്‍ത്താ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവന വിവാദമാവുകയും പ്രതിഷേധങ്ങൾ സംഘര്‍ഷങ്ങളിലേക്കും കൊലപാതകത്തിലേക്കും വരെ വഴിമാറുകയും ചെയ്തതോടെ നൂപുറിനെതിരെ കേസെടുത്തതിനൊപ്പം വാര്‍ത്താ അവതാരക നവികാ കുമാറിനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

അറസ്റ്റ് താത്കാലികമായി നിര്‍ത്തിവെക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ മുരാരി ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനും പശ്ചിമ ബംഗാൾ സര്‍ക്കാരിനുമടക്കം നവികയ്ക്ക് നേരെയുള്ള നടപടി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. 

മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. ഈ ചര്‍ച്ച നയിച്ചത് വാര്‍ത്താ അവതാരകയായ നവികാ കുമാറായിരുന്നു. അതേസമയം മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു.

അതേസമയം നൂപുർ ശർമയെ പിന്തുണച്ചതിന് കഴിഞ്ഞ ദിവസം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഘടിച്ചെത്തിയവര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇക്കഴി‌ഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതീക് പവാർ എന്നയാളെയാണ് അഹമ്മദ് നഗറിലെ കർജത്തിൽ വച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതീക് ചികിത്സയിൽ തുടരുകയാണ്.

നൂപൂർ ശർ‍മ്മയെ അനുകൂലിച്ച് ഫോട്ടോ ഇട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പ്രതീകിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. പ്രതികളുമായി നേരത്തെയും പലവട്ടം ഏറ്റമുട്ടിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഹമ്മദ്‌നഗർ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റർ അകലെ കർജത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് ആക്രമണം നടന്നത്. സംഘടിച്ചെത്തിയവര്‍ വാൾ, വടി, ഹോക്കി സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് പ്രതീകിനെ ആക്രമിക്കുകയായിരുന്നു.

Read More : നൂപുര്‍ ശര്‍മ്മയെ അനൂകൂലിച്ച് പോസ്റ്റിട്ടു, യുവാവ് നേരിടേണ്ടി വന്നത് ക്രൂരപീഡ‍നം; എട്ട് പേര്‍ അറസ്റ്റില്‍

click me!